തൃശ്ശൂർ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി ആധാർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
തൃശ്ശൂർ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി മൂന്ന് ദിവസം നീണ്ടുനിന്ന പ്രത്യേക ആധാർ രജിസ്ട്രേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയായി. ത്രിദിന ക്യാമ്പിലൂടെ കേന്ദ്രത്തിലെ 98 പേരുടെ ആധാർ രജിസ്ട്രേഷനാണ് പൂർത്തിയാക്കിയത്.
ആശുപത്രിയിൽ കഴിയുന്ന അന്തേവാസികളിൽ ഭൂരിഭാഗം പേർക്കും യാതൊരുവിധ തിരിച്ചറിയൽ രേഖകളും ഇല്ലാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് ഇത്തരമൊരു ഡ്രൈവിന് തുടക്കമിട്ടത്. ഇതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അക്ഷയ ജില്ലാ പ്രോഗ്രാം മാനേജർക്ക് പ്രത്യേക നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന്, അക്ഷയ സംരംഭകരുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മാനസികാരോഗ്യ കേന്ദ്രം നേരിട്ട് സന്ദർശിക്കുകയും ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അസിസ്റ്റന്റ് കളക്ടർ പ്രീതി എ.സി , സാമൂഹ്യനീതി വകുപ്പ് മേധാവി പ്രദീപ് കെ.ആർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments