സംവിധായകൻ ആർ. ശരത്തിന്റെ നിര്യാണത്തിൽ ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചിച്ചു
അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളുടെ തിളക്കത്തിലേക്ക് മലയാള സിനിമയെ നയിച്ച സംവിധായകനായിരുന്നു ആർ. ശരത്തെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. സായാഹ്നം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്ദിരാഗാന്ധി പുരസ്കാരവും മികച്ച മലയാള ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അദ്ദേഹം, സിനിമയെ കേവലം വിനോദമാധ്യമമായി കാണാതെ സാമൂഹികവും സാംസ്കാരികവുമായ ആശയങ്ങൾ അവതരിപ്പിക്കാനുള്ള ഇടമായി ഉപയോഗിച്ച കലാകാരനായിരുന്നു.
പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കപ്പെടാതെ പോയ രാജാ രവിവർമയുടെ അപൂർവ ചുവർചിത്രങ്ങൾ കണ്ടെത്തിയത് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ വേറിട്ടൊരു അധ്യായമായിരുന്നു. സിനിമയോടൊപ്പം കലാചരിത്രത്തെയും പൈതൃകത്തെയും ഗൗരവത്തോടെ സമീപിച്ച ഇത്തരം അന്വേഷണ മനോഭാവം തന്നെയാണ് ആർ. ശരത്തിനെ വ്യത്യസ്തനാക്കിയതെന്നും മന്ത്രി അനുസ്മരിച്ചു.
സ്ഥിതി, ശീലാബതി, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയമായ കാഴ്ചകൾ സമ്മാനിച്ച ആർ. ശരത്തിന്റെ വിയോഗം മലയാള ചലച്ചിത്ര-സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. സംവിധായകൻ ആർ. ശരത്തിന്റെ മൃതദേഹത്തിൽ സാംസ്ക്കാരിക വകുപ്പു മന്ത്രിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി രഞ്ജൻ രാജ് റീത്ത് സമർപ്പിച്ചു.
പി.എൻ.എക്സ്. 3633/2026
- Log in to post comments