Skip to main content

ജില്ലാ പഞ്ചായത്ത് യോഗം: സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 91ലക്ഷം രൂപ അനുവദിച്ചു

 

മാങ്ങാട്ടുപറമ്പിലെ ഇ കെ നായനാർ സ്‌മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അടിയന്തിര ആവശ്യങ്ങൾക്കായി 91 ലക്ഷംരൂപ വകയിരുത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത്. ആശുപത്രിയുടെ നടത്തിപ്പ്‌ ചുമതല ജില്ലാപഞ്ചായത്തിന്‌ കൈമാറി സർക്കാർ ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പഞ്ചായത്ത് 4 പ്രൊജക്ടുകളിലൂടെ മരുന്നുകൾ, അടിയന്തര അറ്റകുറ്റപ്പണികൾ, ദൈനംദിന ചെലവുകൾ എന്നിവയ്‌ക്കായി തുക വകയിരുത്തിയത്‌. ആശുപത്രി ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധതതേടി ആരോഗ്യവകുപ്പ്‌ നേരത്തെ ജില്ലാ പഞ്ചായത്തിന് കത്തയച്ചിരുന്നു. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക സർക്കാർ അനുവദിക്കുകയാണെങ്കിൽ ഏറ്റെടുക്കാമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ മറുപടിയും നൽകിയതുപ്രകാരമാണ്‌ ആശുപത്രി ജില്ലാ പഞ്ചായത്തിന്‌ കൈമാറിക്കൊണ്ട് സർക്കാർ സർക്കാർ ഉത്തരവായത്‌.
ഇതുപ്രകാരം നിലവിൽ കലക്ടർ ചെയർമാനായ ആശുപത്രി വികസന സമിതി(എച്ച്‌ഡിസി)ക്ക്‌ പകരം പുതിയ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി (എച്ച് എം സി) രൂപീകരിക്കാനും ജില്ലാ പഞ്ചായത്ത്‌  യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: ബിനോയ്‌കുര്യനാണ്‌ പുതിയ എച്ച് എം സി ചെയർമാൻ. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി രവീന്ദ്രൻ വൈസ്‌ചെയർമാനാകും. ജില്ലാപഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ ടി ഷബ്‌ന, സ്ഥിരം സമിതി അധ്യക്ഷൻ പി പ്രദീപൻ, അംഗങ്ങളായ പി.വി ജയശ്രീ ടീച്ചർ, ഷിമ ടി, ജോജി വർഗീസ്‌, ആന്തൂർ നഗരസഭാംഗം കെ പി മോഹനൻ, ആശുപത്രി സൂപ്രണ്ട്‌ ഡോ. അനീറ്റ ജെയിംസ്‌ എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പാർടി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ്‌ എച്ച് എം സി രൂപീകരിച്ചത്‌. സമിതിയുടെ ആദ്യയോഗം സപ്തംബർ 17ന്‌ പകൽ രണ്ടിന്‌ചേരാനും യോഗം തീരുമാനിച്ചു. 
2026–27 പദ്ധതിയിലെ വാർഷിക പദ്ധതി ധനകാര്യകമീഷൻ ഗ്രാന്റ്‌ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലയിലെ 85 റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക്‌ 15 കോടിരൂപ അനുവദിക്കാനും  തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്‌ കീഴിലെ സയൻസ്‌ പാർക്ക്‌ ഡയറക്ടറുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ ആളെ നിയമിക്കുന്നതിനുള്ള നടപടിക്രമം ആരംഭിക്കാനും യോഗം നിർദേശിച്ചു.

date