സൂര്യകാന്തിപാടവും നെൽപ്പാടവും : മോടിയായി നിറവ് ഫാം ഫെസ്‌റ്റ്
കണ്ണഞ്ചിപ്പിക്കുന്ന സൂര്യകാന്തി പാടവും നെൽകൃഷിയും ഏറുമാടവും കാവൽമാടവുമെല്ലാം ചേർന്ന ഗ്രാമീണ മോടിയിൽ നിറവ് 2026 കാർഷികോത്സവത്തിന് തുടക്കമായി. ഇനിയുള്ള 5 നാൾ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ കാഴ്ചയുടെ ദൃശ്യവിരുന്നാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കൃഷിത്തോട്ടത്തിലെ ഏഴാം ബ്ലോക്കിൽ 2 ഏക്കർ സ്ഥലം നിറയെ സൂര്യകാന്തിപൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അതിനു നടുവിൽ ഏറുമാടവും വശങ്ങളിൽ നെൽപ്പാടവും ജമന്തിയും ഒരുക്കിയിരിക്കുന്നു. പരമ്പരാഗത കൃഷിരീതിയെ അനുസ്‌മരിപ്പിച്ച് കാവൽമാടവും നാടൻ ചായപീടികയും കാളവണ്ടി മാതൃകയും ഗ്രാമീണ തനിമ സമ്മാനിക്കുന്നുണ്ട്. മേളയിലെത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് പെരിങ്ങമ്മല ബനാന നഴ്സറി ഒരുക്കിയിരിക്കുന്ന വിവിധയിനം വാഴക്കുലകളാണ്. ടെൻഫ്ലവർ വാഴയിനം, കൂപ്പുകൈ വാഴ എന്നറിയപ്പെടുന്ന പ്രെയിങ്ങ് ഹാൻഡ്‌സ് ബനാന, വിദേശ ഇനമായ ഹവായിൽ നിന്ന് എത്തിച്ച പൊപ്പേലു തുടങ്ങി വിവിധയിനം വാഴകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. നഴ്സറികളിൽ നിന്നും പച്ചക്കറി, പൂച്ചെടി തൈകളും തേൻ, ഹരിത കഷായം, വെർമി കമ്പോസ്റ്റ് എന്നിവയ്ക്ക് പുറമെ കുടംപുളി, ഉണങ്ങിയ പാവയ്ക്ക, പച്ചക്കറികൾ തുടങ്ങിയ ഫാം ഉൽപ്പന്നങ്ങളും സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. 20 രൂപയും കുട്ടികൾക്ക് പത്തു രൂപയുമാണ് മേളയിലെ സന്ദർശക ഫീസ്. സ്കൂൾ കുട്ടികളെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിറവ് മേള സന്ദർശിക്കാനെത്തുന്നവർക്ക് സൂര്യകാന്തിപ്പാടത്തേക്ക് കുറഞ്ഞ നിരക്കിൽ വാഹന സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഇന്ന് (സെപ്തംബർ 11 ) രാവിലെ 10 ന് സംയോജിത കീടരോഗ നിയന്ത്രണം പച്ചക്കറി വിളകളിൽ എന്ന വിഷയത്തിലും 14 ന് രാവിലെ 10 ന് കിഴങ്ങു വർഗ്ഗ വിളകളിലെ ഉൽപ്പാദന സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിലും കാർഷിക സെമിനാർ നടക്കും. 14 ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്കൂൾ കുട്ടികൾക്കുള്ള കാർഷിക ക്വിസ് മത്സരം ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് മേളയിൽ സന്ദർശനം അനുവദിച്ചുള്ളത്.
- Log in to post comments