തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം
തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന ആൺകടുവയുടെ ദയാവധം നടത്തി. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും കടുവയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു. രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും, ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും, ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടത്തിയത്. തുടർന്ന് മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് തൃശ്ശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്‌കരിച്ചു.
- Log in to post comments