ബഡ്ഡീസ് കിച്ചണ്‍, കളക്ടറേറ്റ് കോമ്പൗണ്ടിലെ നവീകരിച്ച ക്യാന്റീന്‍ ഉദ്ഘാടനം ചെയ്തു
നല്ല അസല്‍ പഴംപൊരിയും, പോത്തിറച്ചിയും വേണോ ? എങ്കില്‍ ധൈര്യമായി കളക്ടറേറ്റിലെ പുതിയ ന്യൂജെന്‍ ക്യാന്റീനിലേക്ക് പോന്നോളു...ഇവിടെയെല്ലാം റെഡിയാണ്. വയറും, മനസും നിറഞ്ഞ് നല്ല രുചിയുള്ള ആഹാരം കഴിച്ച് മടങ്ങാം. പോക്കറ്റും കാലിയാകില്ല. കളക്ടറേറ്റ് കോമ്പൗണ്ടിലെ നവീകരിച്ച ക്യാന്റീന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു. കുറഞ്ഞ വിലയില്‍ മികച്ച ഭക്ഷണം ആളുകള്‍ക്ക് നല്‍കണമെന്നും ഗുണനിലവാരം നിലനിര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ട സ്വദേശികളായ കെ.മഹേഷ്‌കുമാര്‍, ദിലീപ്, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബഡ്ഡീസ് കിച്ചണ്‍ എന്ന് പേരിലുള്ള ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇവരെ കൂടാതെ അഞ്ച് ജീവനക്കാര്‍ ക്യാന്റീനില്‍ വേറെയുണ്ട്. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ എന്ത് ആഹാരവും കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും ലഭിക്കും. കളക്ടറേറ്റ് ജീവനക്കാര്‍ക്ക് മറ്റുള്ളവരേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആഹാരം ലഭിക്കും. ചായ, കോഫി, കട്ടന്‍ചായ, പുട്ട്, ഇടിയപ്പം, അപ്പം, ചപ്പാത്തി, പൂരി, പൊറോട്ട, ദോശ, ഇഡ്ഡലി, മസാലദോശ, നെയ്റോസ്റ്റ്, വീറ്റ് പൊറോട്ട, ഒനിയന്‍ ഊത്തപ്പം, ഊണ്, ഫ്രൈഡ്റൈസ്, ബിരിയാണി, വിവിധ മീന്‍ വിഭവങ്ങള്‍, ഉഴുന്നുവട, പരിപ്പുവട, വിവിധതരം ഷെയ്ക്കുകള്‍, ജ്യൂസുകള്‍ തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളാണ് കുറഞ്ഞ വിലയ്ക്ക് ഇവര്‍ ഒരുക്കിയിരിക്കുന്നത്. ആരേയും ആകര്‍ഷിക്കുന്ന തരത്തില്‍ ജനപ്രിയസിനിമാ ഡയലോഗുകളും, ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ക്യാന്റീനിന്റെ ഉള്‍വശം. ഓഫീസിലെ ജോലിത്തിരക്കുകള്‍ക്കും ടെന്‍ഷനുകള്‍ക്കും ഇടയില്‍ അല്‍പം പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഇടമാകുകയാണ് ഈ ക്യാന്റീന്‍.
(പിഎന്‍പി 164/19)
- Log in to post comments