ജില്ലാ കോടതി പാല നിര്‍മാണം; ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ എംപിയുടെ നിര്‍ദേശം
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ജില്ലാ കോടതി പാലവും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് നിര്‍മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി.) അധികൃതരുടെ ഉറപ്പ്. പാലത്തിന്റെ നിര്‍മാണം വൈകുന്നതുമായി ബന്ധപ്പെട്ട് എംപി ജില്ലാ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ നിലപാട് അറിയിച്ചത്.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്ഘാടനം വരെയുള്ള വിവിധ ഘട്ടങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിരിച്ച് ടാര്‍ഗറ്റ് നിശ്ചയിക്കണമെന്ന് എംപി ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു. പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സര്‍വീസ് റോഡുകളുടെ വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങളും സമാന്തരമായി പൂര്‍ത്തിയാക്കണം.
നിര്‍മാണം നടക്കുന്ന കാലയളവില്‍ ഗതാഗതം വഴിതിരിച്ചുവിടുന്നതിന് ഏറ്റവും സൗകര്യപ്രദമായ ബദല്‍ മാര്‍ഗം കണ്ടെത്തുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്തുകയും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. കളക്ടര്‍ ആ റിപ്പോര്‍ട്ട് എംഎല്‍എമാര്‍,ജനപ്രതിനിധി എന്നിവരുമായി കൂടിയാലോചിച്ച് അനുയോജ്യമായ ഗതാഗത റൂട്ട് തിരഞ്ഞെടുക്കും.
ഗതാഗതം പുനഃക്രമീകരിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതും നഗരവാസികളുടെ ദൈനംദിന ജീവിതത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കാത്ത രീതിയിലാകണമെന്നും എംപി നിര്‍ദേശിച്ചു. ഭാരവാഹനങ്ങളുടെ ഗതാഗതം നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിയുടെ രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിക്കണമെന്നും എംപി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ നിലവിലുള്ള റോഡുകളുടെ വീതി കൂട്ടി ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും അവയെ റിങ് റോഡ് മാതൃകയില്‍ ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പഠിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എംപി നിര്‍ദേശം നല്‍കി.
പാലം നിര്‍മാണത്തിന്റെ ഭാഗമായി പുന്നമട റോഡ് വഴി ഗതാഗതം തിരിച്ചുവിടണമെന്ന പൊതുമരാമത്ത് വകുപ്പിന്റെയും നിര്‍മാണ ഏജന്‍സിയുടെയും ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എംപി യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍, കെ.ആര്‍.എഫ്.ബി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ദീപ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദീപ വി., പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിജോ തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments