കോടതിയുടേയും ഭരണകൂടത്തിന്റെയും ഉറച്ച നിലപാടുകളാണ് അനാചാരങ്ങളെ മാറ്റിയത്: സ്പീക്കർ
സ്ത്രീ സമത്വവും സ്ത്രീകളുടെ അവകാശങ്ങളും അംഗീകരിക്കുന്നവർ ഭരണഘടനാനുസൃതമായുണ്ടാകുന്ന കോടതി വിധികളേയും മാനിക്കണമെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇക്കാര്യം സൗകര്യപൂർവം വിസ്മരിക്കുന്നതുകൊണ്ടാണ് പല വിവാദങ്ങളും നമുക്കിടയിലുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി ഇടപെടലിന്റെയും ഭരണകൂടത്തിന്റെയും ഭരണാധികാരികളുടേയും ഉറച്ച നിലപാടുകളുടേയും പിൻബലത്തിൽ മാത്രമേ പല അനാചാരങ്ങളേയും സമൂഹത്തിൽനിന്നു മാറ്റാൻ കഴിഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദർശിച്ചതിന്റെ 82-ാം വാർഷികാഘോഷം 'മഹാത്മാസംഗമം' വെങ്ങാന്നൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.
പുരോഗമനപരമായ മുന്നേറ്റത്തിന്റെ തുടർച്ചയാണ് നവോത്ഥാനമെന്നും ആ മുന്നേറ്റം നമ്മൾ ഓർക്കുമെങ്കിലും സ്വന്തം ജീവിതത്തിൽ പകർത്തുമ്പോൾ ഇടർച്ചയുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശനം അവർണരെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹിന്ദുക്കൾക്കു ഹിന്ദു സമൂഹത്തിനുള്ളിലേക്കുള്ള പ്രവേശനംകൂടിയാണ് സാധ്യമാക്കിതയെന്നും സ്പീക്കർ പറഞ്ഞു.
മഹാത്മജിയുടെ 71-ാം രക്തസാക്ഷിത്വ വാർഷികവും 150-ാം ജ•-വാർഷികവും സംസ്ഥാന സർക്കാർ ആചരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വിളംബര ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങൾ, സെമിനാറുകൾ, പി.ആർ.ഡി. സംഘടിപ്പിക്കുന്ന നവോത്ഥാന ഫോട്ടോ പ്രദർശനം, പുരാവസ്തു - പുരാരേഖ പ്രദർശനം, പുസ്തകമേള തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
എം. വിൻസന്റ് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ, കവി വിനോദ് വൈശാഖി തുടങ്ങിയവർ പ്രസംഗിച്ചു.
നാളെ (ജനുവരി 16) വൈകിട്ട് ആറിനു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ, പുന്നല ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
(പി.ആർ.പി. 43/2019)
- Log in to post comments