ജില്ലാ ഭരണകൂടം നടപടി തുടങ്ങി; വാഹന ശവപ്പറമ്പുകള്‍ ഇല്ലാതാകും
ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറിയിട്ടുണ്ട്. ഓഫീസ് ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഈ വാഹനങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടിയന്തരമായി ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി പോലീസ്, എക്‌സൈസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ യോഗം കളക്ടര്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 257 വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അനധികൃത മണല്‍ക്കടത്ത്, ലഹരി വസ്തുക്കളുടെ കടത്ത് തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയ വാഹനങ്ങളാണ് പൊലീസ് സ്റ്റേഷന്‍,താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.
നിയമാനുസൃത പിഴ നല്‍കി വാഹനങ്ങള്‍ രേഖകള്‍ ഹാജരാക്കി ഉടമസ്ഥര്‍ക്ക് തിരിച്ച് എടുക്കാമെങ്കിലും പലരും ഇങ്ങനെ ചെയ്യുന്നില്ല. അതുകൊണ്ടാണ് വാഹനങ്ങള്‍ പലയിടങ്ങളിലും കൂട്ടിയിടേണ്ടി വരുന്നത്. തൊണ്ടിമുതല്‍ അല്ലാത്ത വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ലേലം ചെയ്യുന്നത്. ഇവ ലേലം ചെയ്തതിന് ശേഷം ബാക്കി വരുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അവയും നിയമാനുസൃതം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വാഹനങ്ങള്‍ നീക്കം ചെയ്ത ശേഷം ഇവ സൂക്ഷിച്ച ഓഫീസ് പരിസരങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലയിലാദ്യമായാണ് ഇത്രയും കൂടുതല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പരസ്യലേലത്തിനായി വെക്കുന്നത്. ഉടമകള്‍ക്ക് അവസാന അവസരമെന്ന നിലയില്‍ വാഹനങ്ങള്‍ തിരിച്ചെടുക്കുന്നതിന് വിവിധ വകുപ്പ് അധികൃതരെ സമീപിക്കുന്നതിനായി 30 ദിവസം കൂടി അനുവദിച്ചിട്ടുണ്ട്. 30 ദിവസങ്ങള്‍ക്കുള്ളില്‍ രേഖകളുമായി ഹാജരാവാത്ത വാഹനങ്ങള്‍ ഇനിയൊരു അറിയിപ്പില്ലാതെ ലേലം ചെയ്യും. വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ kasargod.gov.in ല്‍ ലഭ്യമാണ്. വാഹനലേലത്തിന്റെ ചുമതല കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍ കെ. വിജയനും 9447100298, ഡിവൈഎസ്പി (നാര്‍കോട്ടിക്സ്) നന്ദനന്‍പിള്ളയ്ക്കുമാണ് 9497990144. കോഡിനേഷന്‍ ചുമതല കളക്‌റ്റേഴ്‌സ് ഇന്റേണ്‍ പി. അര്‍ജ്ജുനനുമാണ്.
- Log in to post comments