പ്രളയം : നിയമ തര്‍ക്കപരിഹാര അദാലത്ത് 13 കേസുകളില്‍ തീര്‍പ്പായി
പ്രളയക്കെടുതിയില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് വീടുവെയ്‌ക്കുന്നതിനുളള നിയമതര്‍ക്ക പരിഹാര അദാലത്തില്‍ ചാവക്കാട് താലൂക്കിലെ 55 കേസുകളില്‍ 13 എണ്ണത്തില്‍ തീര്‍പ്പായി. ചാവക്കാട്, കുന്നംകുളം താലൂക്കുകളില്‍പ്പെട്ടവര്‍ക്കായി ചാവക്കാട് മിനി സിവില്‍ സ്റ്റേഷനിലായിരുന്നു അദാലത്ത് നടന്നത്. കൂട്ടുടമസ്ഥതിയിലുളള ഭൂമിയിലെ വീട് നഷ്‌ടപ്പെട്ടവര്‍ക്കായാണ് തര്‍ക്ക പരിഹാരത്തിനായി റവന്യൂ വകുപ്പും ജില്ലാ നിയമസേവന അതോറിറ്റിയും ചേര്‍ന്ന് അദാലത്ത് നടത്തിയത്. ചാവക്കാട് താലൂക്കിലെ 70 ഉം കുന്നംകുളം താലൂക്കിലെ 3 ഉം ഉള്‍പ്പെടെ 73 കേസുകളാണ് പരിഗണനയ്‌ക്ക് വന്നത്. ഇതില്‍ ചാവക്കാട്ടെ 55 ഉം കുന്നംകുളത്തെ മൂന്നും ഉള്‍പ്പെടെ 58 കേസുകള്‍ അദാലത്തിലെത്തി. മുഴുവന്‍ അവകാശികളും ഹാജരായ 14 കേസുകളില്‍ 13 എണ്ണം തീര്‍പ്പായി. കുന്നംകുളം താലൂക്കിലെ 3 കേസുകളില്‍ മുഴുവന്‍ അവകാശികളും ഹാജരായില്ല. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി കെ പി ജോയ്, റിട്ട. ജില്ല ജഡ്‌ജ് പി എസ് അനന്തകൃഷ്‌ണന്‍, ഡെപ്യൂട്ടി കളക്‌ടര്‍ കെ ഹുസൈന്‍, തഹസില്‍ദാര്‍ സി എം ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments