നിർമലം' പുതുയുഗ ശുചിത്വകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 5-ന്*
സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സർക്കാർ നടപ്പിലാക്കുന്ന "നിർമലം" പുതുയുഗ ശുചിത്വകേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് നിർവ്വഹിക്കും. വൈകീട്ട് 3.30-ന് കെ. കരുണാകരൻ സ്മാരക ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ രാജൻ ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, ഉറവിടത്തിൽ തന്നെ തരംതിരിക്കുക, ശാസ്ത്രീയ ശേഖരണവും സംസ്കരണവും ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ്മസേന, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സംയോജിത പങ്കാളിത്തത്തോടെ സുസ്ഥിരമായ മാലിന്യപരിപാലന സംവിധാനം ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, ബെന്നി ബെഹനാൻ എം.പി, കെ രാധാകൃഷ്ണൻ എം.പി, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, എം.എൽ.എമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
- Log in to post comments