Skip to main content

പട്ടികജാതി വർഗ്ഗ വിഭാഗത്തിനായി ഭവന നിർമ്മാണം; 10,000 അപേക്ഷകൾ ആദ്യഘട്ടത്തിൽ പരിഗണിക്കും: മന്ത്രി കെ എ തുളസി

 

പട്ടികജാതി-വർഗ്ഗ വിഭാഗം ജനങ്ങൾക്കായി  ഭവനനിർമ്മാണം വകുപ്പ് ഏറ്റെടുത്തുവെന്നും ആദ്യഘട്ടത്തിൽ ഭവന നിർമ്മാണത്തിനായി 10000 അപേക്ഷകൾ പരിഗണിക്കുമെന്നും 
പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. ആലപ്പുഴ ജില്ലയിൽ ചേർത്തല മായിത്തറയിൽ നിർമാണം പൂർത്തീകരിച്ച പെൺകുട്ടികൾക്കായുള്ള പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തന ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
 നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി വകുപ്പ് ആവിഷ്കരിച്ച 32 പദ്ധതികളും പൂർത്തിയായി. 1000 പഠന മുറികൾ നിർമിച്ചു.  പട്ടികജാതി വർഗ്ഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. പോസ്റ്റ് മെട്രിക് ഹോട്ടലുകളിലെ ഭക്ഷണമെനു പരിഷ്കരിച്ചു; ഹോസ്റ്റൽ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സത്വര നടപടികൾ സ്വീകരിക്കും. പട്ടികജാതി-വർഗ്ഗ വിഭാഗം വനിതകൾക്കായി പ്രത്യേക വായ്പാ വിതരണ പദ്ധതി നടപ്പാക്കിയെന്നും മന്ത്രി അറിയിച്ചു.

പി പ്രസാദ് എംഎൽഎ അധ്യക്ഷനായി. പോസ്മെട്രിക് ഹോസ്റ്റലുകളിലെ അടിസ്ഥാന സൗകര്യ വികസനം കൂടുതൽ വേഗത്തിലാക്കണമെന്ന്  അദ്ദേഹം പറഞ്ഞു.

കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമണി തമ്പാൻ, ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  അഭിനയ അനിൽകുമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗം എസ്സ്. രാധാകൃഷ്ണൻ, ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജിമോൾ ബിജു,  കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കരുവ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

date