Skip to main content
ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെയും പരിശീലന പരിപാടിയുടെയും ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന്‍ നിര്‍വഹിക്കുന്നു

ലോക സാന്ത്വന പരിചരണ ദിനം: ജില്ലാതല ഉദ്ഘാടനവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

ജില്ലയിലെ സാന്ത്വന പരിചരണ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നഴ്സിംഗ് ഓഫീസര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന സാന്ത്വന പരിചരണ ഫൗണ്ടേഷന്‍ കോഴ്സിന് തുടക്കമായി. ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെയും പരിശീലന പരിപാടിയുടെയും ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജെ മണികണ്ഠന്‍ നിര്‍വഹിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് സാമുവല്‍ അധ്യക്ഷത വഹിച്ചു. 'പാലിയേറ്റീവ് പരിചരണത്തിലെ വേദനനിയന്ത്രണം' എന്നതാണ്  ഈ വര്‍ഷത്തെ  സാന്ത്വന പരിചരണ ദിന സന്ദേശം. ജീവിതത്തെ പരിമിതപ്പെടുത്തുന്ന ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് സമഗ്രമായ സാന്ത്വന പരിചരണം ഉറപ്പാക്കുന്നതിനായി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അറിവും പ്രായോഗിക വൈദഗ്ധ്യവും വര്‍ധിപ്പിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. വേദനയും മറ്റ് രോഗലക്ഷണങ്ങളും നിയന്ത്രിക്കല്‍, രോഗികളോടും കുടുംബാംഗങ്ങളോടുമുള്ള അനുകമ്പാപൂര്‍വമായ ആശയവിനിമയം, മാനസികവും സാമൂഹികവുമായ പിന്തുണ എന്നിവയ്ക്ക് പരിശീലനത്തില്‍ പ്രാധാന്യം നല്‍കുന്നു. സാമൂഹികതലത്തിലും ആരോഗ്യ സ്ഥാപനങ്ങളിലൂടെയും ഗുണനിലവാരമുള്ള സാന്ത്വന പരിചരണ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും പരിശീലന പരിപാടി ലക്ഷ്യമിടുന്നു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ജിനു ജി തോമസ്, ആരോഗ്യവകുപ്പ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ ജീവന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീജിത്ത് ബാബു, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജിത്കുമാര്‍, അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനീഷ് കെ സോമന്‍, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ എം പി ബിജു കുമാര്‍, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ലാലി തോമസ്, ജില്ലാ പാലിയേറ്റീവ്  കോര്‍ഡിനേറ്റര്‍ ഐശ്വര്യ എന്‍ രാജ്, വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സിംഗ് ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date