മുഖ്യമന്ത്രി സന്നിധാനത്തെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം ഉച്ചയ്ക്ക് 3.25 ന് പമ്പയില്‍നിന്ന് മലകയറിയെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് സന്നിധാനത്തെ വിവിധ മേഖലകളിലെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും സന്ദര്‍ശിച്ചു. അന്നദാന മണ്ഡപം, പോലീസ് മെസ് ഹാള്‍, നടപ്പന്തല്‍ എന്നിവിടങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി.
ശബരിമല മേല്‍ശാന്തിയെയും തന്ത്രിയെയും സന്ദര്‍ശിച്ച മുഖ്യമന്ത്രി ശബരിമലയിലും മാളികപ്പുറത്തും ദര്‍ശനവും നടത്തിയാണ് മടങ്ങിയത്. രാവിലെ നിലയ്ക്കല്‍ എത്തിയ മുഖ്യമന്ത്രി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ ജയകുമാറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നിലയ്ക്കലെ ബേസ് ക്യാമ്പ്, പാര്‍ക്കിംഗ് ഗ്രൗണ്ട് തുടങ്ങിയവ സന്ദര്‍ശിച്ചു.
നിലയ്ക്കല്‍ പുതിയതായി നിര്‍മിക്കുന്ന ജര്‍മ്മന്‍ ഷെഡ്ഡിലേക്കുള്ള എന്‍ട്രിയും എക്സിറ്റും മികവുറ്റ രീതിയില്‍ ആക്കണം എന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആദ്യം വരുന്നവര്‍ക്ക് ആദ്യം പോകാനുള്ള സംവിധാനം സജ്ജീകരിക്കണം. ക്യൂ ലൈന്‍ സിസ്റ്റം ഉണ്ടാക്കി യാത്ര സുഗമമാക്കണം. ഇനി മഴ പെയ്തു കഴിഞ്ഞാല്‍ അതിനകത്തേക്ക് വെള്ളം ഒലിച്ച് ചെളി വരാതിരിക്കാനുള്ള ക്രമീകരണം ചെയ്യണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിലയ്ക്കലെ പോലീസ് ബാരക്കും അദ്ദേഹം സന്ദര്‍ശിച്ചു.
- Log in to post comments