കീച്ചേരിക്കടവ് പാലം യാഥാർത്ഥ്യത്തിലേക്ക്; 80 ശതമാനം പ്രവൃത്തികളും പൂർത്തിയായി
ചെങ്ങന്നൂർ നിയമസഭാമണ്ഡലത്തിൽ അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ പണികൾ അന്തിമഘട്ടത്തിലേക്ക്. ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം) മേൽനോട്ടത്തിൽ പുരോഗമിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനത്തോളം പ്രവൃത്തികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
തൃപ്പെരുന്തുറ, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ നിർമ്മാണച്ചെലവ് 12.77 കോടി രൂപയാണ്. പദ്ധതിയുടെ പ്രവൃത്തികൾ നിശ്ചയിച്ച ലക്ഷ്യത്തിനനുസരിച്ച് അതിവേഗം പുരോഗമിക്കുകയാണ്.
പാലത്തിന് ആകെ 130.10 മീറ്റർ നീളമാണുള്ളത്. ഇതിൽ 26.00 മീറ്റർ വീതം നീളമുള്ള മൂന്ന് സ്പാനുകളും 25.70 മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകൾ ഉൾപ്പെടെ ആകെ അഞ്ച് സ്പാനുകളാണുള്ളത്.വാഹന ഗതാഗതത്തിനായി 7.75 മീറ്റർ വീതിയുള്ള കാരിയേജ് വേയും, ഒരു വശത്തായി 1.40 മീറ്റർ വീതിയുള്ള നടപ്പാതയും പാലത്തിലുണ്ടായിരിക്കും. പദ്ധതിയുടെ ഭാഗമായി സർവീസ് റോഡുകളും അനുബന്ധ റോഡുകളും ബി.എം & ബി.സി നിലവാരത്തിലാണ് നിർമ്മിക്കുന്നത്.
നിലവിൽ പാലത്തിന്റെ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സ്പാനുകളുടെ നിർമ്മാണം പൂർത്തിയായി. പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികളും വേഗത്തിൽ പൂർത്തീകരിച്ച് കിച്ചേരിക്കടവ് പാലം എത്രയും പെട്ടെന്നുതന്നെ ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ അളവിൽ പരിഹാരമാകും.
- Log in to post comments