Skip to main content

വിജിലൻസ് വാരാഘോഷത്തിന് തൃശ്ശൂരിൽ തുടക്കം; അഴിമതി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

 

 

വിജിലൻസ് വാരാഘോഷം 2026-ന്റെ ഭാഗമായി തൃശ്ശൂർ വിജിലൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ അഴിമതി വിരുദ്ധ റാലിയും പ്രതിജ്ഞ ചൊല്ലലും സർക്കാർ ഉദ്യോഗസ്ഥർക്കായി വിജിലൻസ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഒക്ടോബർ 26 മുതൽ നവംബർ രണ്ട് വരെയാണ് വിജിലൻസ് വാരാഘോഷം നടക്കുന്നത്.

 

രാവിലെ ഏഴിന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ തെക്കേ ഗോപുരനടയിൽനിന്ന് ആരംഭിച്ച റാലി നായ്ക്കനാലിൽ സമാപിച്ചു. വിവിധ വകുപ്പുകളിലെയും തൃശ്ശൂർ വിജിലൻസ് യൂണിറ്റിലെയും ഉദ്യോഗസ്ഥർ റാലിയിൽ പങ്കെടുത്തു. തുടർന്ന്, വിജിലൻസ് തൃശ്ശൂർ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡി.വൈ.എസ്.പി.) പി.സി. ബിജുകുമാർ അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

തുടർന്ന്, രാവിലെ പത്തിന് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് ഹാളിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച വിജിലൻസ് ബോധവൽക്കരണ ക്ലാസ് എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.എം. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി. പി.സി. ബിജുകുമാർ അധ്യക്ഷത വഹിച്ചു.

 

റിട്ടയേർഡ് വിജിലൻസ് ഡിവൈ.എസ്.പി. മാത്യു രാജ് കിള്ളിക്കാടൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കേണ്ടതിന്റെയും അഴിമതി പ്രതിരോധിക്കേണ്ടതിന്റെയും പ്രാധാന്യം ക്ലാസിൽ വിശദീകരിച്ചു. വിവിധ സർക്കാർ വകുപ്പുകളിലായി ഏകദേശം 150-ഓളം ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.

 

വിജിലൻസ് പോലീസ് ഇൻസ്പെക്ടർമാരായ ഫർഷാദ് ടി.പി., ജയേഷ് ബാലൻ തുടങ്ങിയവർ പങ്കെടുത്തു.

date