കൊടുങ്ങല്ലൂർ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മതിലകത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
ശാസ്ത്രബോധവും സാമൂഹ്യ പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്ന വേറിട്ട കണ്ടുപിടുത്തങ്ങളുടെയും മാതൃകാ അവതരണങ്ങളുടെയും പ്രദർശനങ്ങൾക്ക് വേദിയായ കൊടുങ്ങല്ലൂർ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ഒ.എൽ.എഫ്.ജി.എച്ച്.എസ്, സെന്റ് മേരീസ് എൽ.പി.എസ്.എന്നീ വിദ്യാലയങ്ങളിലായി മൂന്നു ദിവസങ്ങളിലയാണ് മേള നടന്നത്. സമാപന സമ്മേളനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനം കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. മൊയ്തീൻകുട്ടി നിർവ്വഹിച്ചു.
ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയം എന്നീ മേളകളിൽ ആകെ 1078 പോയിന്റുകൾ നേടി മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാരായി. 809 പോയിന്റോടെ പനങ്ങാട് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 529 പോയിന്റോടെ കൊടുങ്ങല്ലൂർ പി.ബി.എം.ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിൽ മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ആൽഫ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന റഷീദ്, പഞ്ചായത്ത് അംഗം സുനിൽ പുതിയേടത്ത്, ഉപജില്ലാ വിദ്യാഭ്യാസ വികസന സമിതി ട്രഷറർ റിയാസ്, മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഡൊമിനിക് സാവിയോ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ റിസപ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ നസീമ നൗഫൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.എസ്. സൂരജ് നന്ദിയും രേഖപ്പെടുത്തി.
- Log in to post comments