Skip to main content

വൈദ്യുതി അപകടം തടയാൻ ബോധവത്കരണം അനിവാര്യം: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി അപകടം തടയാൻ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വൈദ്യുത അപകടം ഒഴിവാക്കാനുള്ള ബോധവത്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വാഹന പ്രചരണത്തിന്റെ ഫ്ലാഗ് ഓഫും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസ് പരിസരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

ജനജീവിതത്തെ കൂടുതലായി സ്വാധീനിക്കുന്ന മേഖലയാണ് വൈദ്യുതി. നിത്യജീവിതത്തിൽ അത്യാവശ്യമായിട്ടുള്ള വൈദ്യുതിയുടെ ഉപയോഗം ഫലപ്രദമാക്കാനും അപകടരഹിതമാക്കാനും വൈദ്യുതി വകുപ്പിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനും ഉത്തരവാദിത്വമുണ്ട്. അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന വൈദ്യുത അപകടത്തിനെതിരെ ജാഗ്രത പുലർത്തണം. വൈദ്യുത അപകടം കുറയ്ക്കാനുള്ള മാർഗങ്ങളിലൊന്ന് ബോധവത്കരണമാണ്. അപകടരഹിതമായി വൈദ്യുതി എങ്ങനെ കൈകാര്യം ചെയ്യാനാകും എന്ന് പഠിക്കണം. ഊർജ സംരക്ഷണത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ഉൾപ്പെടെ ബോധവത്കരണം നൽകണം. വൈദ്യുതിയുടെ അപകടരഹിതമായ ഉപയോഗം, ദുരുപയോഗം തടയൽ എന്നിവയെപ്പറ്റിയും ബോധവത്കരണം ആവശ്യമാണ്. ജനങ്ങളെ ബോധവത്കരിക്കാനുള്ള ഉത്തരവാദിത്വം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിനുണ്ട്.

നിരവധി വാഹന പ്രചാരണജാഥകൾ സംസ്ഥാനത്ത് നടക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജനജീവിതത്തെ സംരക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ പരിപാടിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ,  വ്യാപാര സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ജില്ലകളിലെ രണ്ടു ദിവസത്തെ പര്യടനം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു.

 ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ രാജേഷ് ബാബു, അഡീഷണൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ പി ജ്യോതിഷ്, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി സുമേഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ സി അരുൺകുമാർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4506/2026

date