മീറ്റ് യുവർ കളക്ടർ; വടക്കേക്കാട് ഐ.സി.എ സ്കൂൾ വിദ്യാർത്ഥികൾ കളക്ടറുമായി സംവദിച്ചു
'മുഖാമുഖം: മീറ്റ് യുവർ കളക്ടർ 2.0' പരിപാടിയുടെ 15-ാം അധ്യായത്തിൽ വടക്കേക്കാട് ഐ.സി.എ ഇ.എച്ച്.എസ്.എസ്. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
സിവിൽ സർവീസ് പരീക്ഷാ തയ്യാറെടുപ്പുകൾ, ദിനപത്ര വായനയുടെ പ്രാധാന്യം, ഐ.എ.എസ് എന്ന സ്വപ്നത്തിലേക്കെത്താനുള്ള പ്രചോദനം എന്നിവയ്ക്കൊപ്പം ഔദ്യോഗിക ജീവിതവും കുടുംബവും തമ്മിൽ സന്തുലിതമായി കൊണ്ടുപോകുന്നതിലെ അനുഭവങ്ങളും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. പ്രകൃതിദുരന്തങ്ങളിലെ അടിയന്തര തീരുമാനങ്ങൾ, ദുരന്തനിവാരണം, ലഹരിമുക്ത സമൂഹം, ഡിജിറ്റൽ അഡിക്ഷനെ മറികടക്കൽ, മാലിന്യസംസ്കരണം, സ്ത്രീസുരക്ഷ, ലിംഗസമത്വം, ജനറേഷൻ ആൽഫയുടെ സാധ്യതകളും വെല്ലുവിളികളും തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ ചിന്തകളും സംശയങ്ങളും പങ്കുവെച്ചു.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള നല്ലൊരു പൗരനായി വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവതലമുറയുടെ പങ്കിനെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ കളക്ടർ വിദ്യാർത്ഥികളുമായി പങ്കുവച്ചു. ഭരണസംവിധാനം, സിവിൽ സർവീസ്, സാമൂഹിക സുപ്രധാന വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവ് ലഭ്യമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക മേഖലയെക്കുറിച്ചും പൗരബാധ്യതകളെക്കുറിച്ചും ആഴത്തിലുള്ള അവബോധം നേടാൻ ഈ പരിപാടി സഹായകമായി.
- Log in to post comments