Skip to main content

പട്ടികജാതി കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഭവനം പദ്ധതി

 

 

 പട്ടികജാതി വികസന വകുപ്പിന്റെ 2026-27 വര്‍ഷത്തെ ഭവന പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാനാവുക. ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞത് രണ്ട് സെന്റും നഗരപ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നര സെന്റും ഭൂമി ഉണ്ടായിരിക്കണം. അപേക്ഷകന്റെയോ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേരില്‍ സ്വന്തമായി താമസയോഗ്യമായ വീട് ഇല്ലാത്തവര്‍ക്കാണ് പരിഗണന. അപേക്ഷകര്‍ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ഭവനനിര്‍മാണത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരായിരിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍ക്കും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും അപേക്ഷിക്കാനാവില്ല. അപേക്ഷകര്‍ക്ക് പ്രായം 70 വയസ്സില്‍ താഴെയായിരിക്കണം. എന്നാല്‍ 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കുന്നതാണ്. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി 0487 2360381 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

date