Skip to main content

ഇലക്ട്രിക് വീൽചെയറിന് നിർമാണത്തകരാർ: കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

ശാരീരിക അവശതകൾ അനുഭവിക്കുന്ന വ്യക്തിക്ക് നിർമാണത്തകരാറുള്ള ഇലക്ട്രിക് വീൽചെയർ വിറ്റ സംഭവത്തിൽ നിർമാതാക്കളായ കമ്പനിക്ക് പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ബംഗളൂരുവിലെ ഓസ്ട്രിച്ച് മൊബിലിറ്റി ഇൻസ്ട്രുമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് 2,10,750 രൂപ നൽകി വാങ്ങിയ ഇലക്ട്രിക് വീൽചെയർ വാറന്റി കാലയളവിനുള്ളിൽ തന്നെ തകരാറിലായതിനെത്തുടർന്ന് മഞ്ചേരി ആമയൂർ സ്വദേശി നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.   വീൽചെയറിന്റെ ജോയ്സ്റ്റിക് കൺട്രോൾ യൂണിറ്റിനാണ് തകരാർ സംഭവിച്ചത്. വീടിനു പുറത്തും ഉപയോഗിക്കാമെന്ന് പരസ്യം ചെയ്തിരുന്ന ഉപകരണം പൊതുനിരത്തിൽ ഉപയോഗിക്കുന്നതിനിടെ നിർമാണത്തകരാർ മൂലം പ്രവർത്തനം നിലച്ചത് പരാതിക്കാരന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും വാറന്റി കാലയളവിലായിരുന്നിട്ടും ഉപകരണം നന്നാക്കിക്കൊടുക്കാൻ കമ്പനി തയ്യാറായില്ല. തുടർന്ന് തെളിവുകൾ പരിശോധിച്ച കമ്മീഷൻ, വീൽചെയറിന്റെ വിലയായ 2,10,750 രൂപയും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കോടതിച്ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകാൻ ഉത്തരവിട്ടു. 45 ദിവസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം ഒമ്പത് ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചു.

date