Skip to main content

കേരള ലളിതകലാ അക്കാദമിയുടെ പുനര്‍ജ്ജനി-2 നവംബര്‍ 9 ന് 

 

    കേരള ലളിതകലാ അക്കാദമി ശേഖരത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ ക്യൂറേറ്റഡ് പ്രദര്‍ശനം 'പുനര്‍ജ്ജനി' 2 - ലിവിങ് ആര്‍ക്കൈവ്‌സ് സീരിസ് -1,  നവംബര്‍ 9 മുതല്‍ കായംകുളം ശങ്കര്‍ സ്മാരക കാര്‍ട്ടൂണ്‍ മ്യൂസിയത്തിലെ ഗാലറിയില്‍ ആരംഭിക്കുന്നു. രാവിലെ 11 മണിക്ക് സഹകരണ-
എക്‌സൈസ് വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എസ്. പ്രകാശ് മൂര്‍ത്തി അധ്യക്ഷനാകുന്ന ചടങ്ങില്‍ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു, വൈസ് ചെയര്‍മാന്‍ ടി.ആര്‍. ഉദയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
    അക്കാദമി മുന്‍കാലങ്ങളില്‍ സംഘടിപ്പിച്ച വിവിധ ചിത്രകലാ ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത 17 കലാകാരരുടെ 25 സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. സൃഷ്ടികളുടെ കലാപരമായ മൂല്യവും അര്‍ത്ഥതലങ്ങളും സമൂഹത്തിലെത്തിക്കുന്നതിനായി ക്യൂറേറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് ഈ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. ഡോ. കവിത ബാലകൃഷ്ണന്‍, ഡോ. സുധീഷ് കോട്ടേമ്പ്രം എന്നിവരാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാര്‍. കല, കലാകാരര്‍, പ്രേക്ഷകര്‍, കൂടാതെ കേരളത്തില്‍ അവ രൂപപ്പെടുത്തിയ സാമൂഹിക ബന്ധങ്ങള്‍ എന്നിവ തമ്മിലുള്ള സങ്കീര്‍ണ്ണമായ കണ്ണികളെ അടയാളപ്പെടുത്തുന്ന രീതിയിലാണ് ഈ പ്രദര്‍ശനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ക്യൂററ്റോറിയല്‍ പ്രക്രിയ, ആര്‍ക്കൈവുകളിലെ അഭാവങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും, കേരളത്തിലെ ആധുനിക കലയുടെ ഭാഷാപരമായ കരുത്തും അപ്രതീക്ഷിതമായ ഉള്‍ക്കാഴ്ചകളും കണ്ടെത്തുന്നതിനായി സ്ഥാപനത്തെയും പൊതുസമൂഹ
ത്തെയും ഒരു ആത്മപരിശോധനയുടെ ഇടത്തിലേക്ക് ക്ഷണിക്കാനും ലക്ഷ്യമിടുന്നതാണെന്ന് ക്യൂറേറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു.
    അജയന്‍ കാരാടി, അലക്‌സാണ്ടര്‍ ഡി, അശോക് കുമാര്‍ ഗോപാലന്‍, എ.എസ്. സജിത്ത്, കാട്ടൂര്‍ നാരായണപ്പിള്ള, കെ.ടി. അനന്തന്‍, ജയശ്രീ പി.ജി, ജോണ്‍സ് മാത്യു, ടി.കെ. അനില്‍, ടി.ആര്‍. ഉദയകുമാര്‍, ടെന്‍സിംഗ് ജോസഫ്, പൊന്മണി തോമസ്, പ്രദീപ് പുത്തൂര്‍, മധു വേണുഗോപാല്‍, ശേഖര്‍ അയ്യന്തോള്‍, സി.ഡി. ജെയിന്‍, സുനില്‍ അശോകപുരം എന്നീ കലാകാരരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.
    കലാകാരന്മാരുടെ ഒത്തുചേരലിനും ആശയവിനിമയത്തിനും ഈ പ്രദര്‍ശനങ്ങള്‍ വേദിയാകു
മെന്നാണ് അക്കാദമി പ്രതീക്ഷിക്കുന്നത്. പ്രദര്‍ശനം  നവംബര്‍ 19 ന് സമാപിക്കും.

date