കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ സമഗ്ര അർബുദ നിയന്ത്രണ പദ്ധതി ‘കാൻ കെയർ’ തുടങ്ങി
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്ര അർബുദ നിയന്ത്രണ പദ്ധതിയായ ‘കാൻ കെയർ’പദ്ധതിയുടെ ഉദ്ഘാടനം പി കെ പ്രവീൺ എം എൽ എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറു ഗ്രാമപഞ്ചായത്തുകളെയും പങ്കാളികളാക്കി മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നേരത്തെയുള്ള രോഗനിർണയത്തിനും രോഗപ്രതിരോധത്തിനും ചികിത്സാ സഹായം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഭാഗമായി വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ, സർവേ, പ്രചാരണ പരിപാടികൾ, സ്ക്രീനിങ് പരിശോധനകൾ, രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, സഹായസാധ്യതകൾ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. കഴിഞ്ഞ ജൂലൈയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായിസ് അരുൾ അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. ബി സതീശൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിജ രാജീവൻ, ഒ സി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കല്യാടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പവിന കാരായി, കെ സന്ധ്യാലക്ഷ്മി, കെ ആരതി, കെ പി പ്രദീപൻ, കെ ഫസീല, ഗഫൂർ മൂലശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി പി പവിത്രൻ, കെ ബിജിഷ , ഒ കെ അനുരാധ , ബി ഡി ഒ യു വി ബിന്ദു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജയപ്രകാശ് പന്തക്ക തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments