സ്ത്രീസൗഹൃദ സമൂഹം ഉറപ്പാക്കാൻ ജനപ്രതിനിധികളും മുൻകൈയെടുക്കണം: അഡ്വ.പി.സതീദേവി
കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാറശാല ബ്ലോക്ക് പഞ്ചായത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു
സ്ത്രീ സൗഹൃദസമൂഹം വളർത്തിയെടുക്കാനും അതുവഴി സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും ജനപ്രതിനിധികളും മുൻകൈയെടുക്കണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. കേരള വനിതാ കമ്മീഷനും പാറശാല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി, പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്ത്രീ സംരക്ഷണ നിയമങ്ങൾ,സ്ത്രീകളുടെ മാനസികാരോഗ്യം എന്നീ വിഷയങ്ങളിലാണ് വനിതാ കമ്മീഷൻ സെമിനാർ സംഘടിപ്പിച്ചത്.
സ്ത്രീസംരക്ഷണ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പക്കാൻ ജനങ്ങളും ജനപ്രതിനിധികളും ബാധ്യസ്ഥരാണ്. സ്ത്രീസുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടികൾ കൂടുതലായി സംഘടിപ്പിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. നിയമബോധമുള്ളതും, ആ നിയമങ്ങൾ നടപ്പിലാക്കാൻ ജാഗ്രതയുള്ളതുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് വനിതാ കമ്മീഷൻ ശ്രമിക്കുന്നതെന്നും പ്രാദേശികമായ ഇടപടെൽ ശക്തമാക്കുന്നതിന് ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.
ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി അധ്യക്ഷയായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അധ്യക്ഷ പറഞ്ഞു. സ്ത്രീകളുടെ മാനസികാരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി അറിയിച്ചു.
കമ്മീഷൻ അംഗമായ അഡ്വ.ഇന്ദിരാ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ. ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.രത്നരാജ്, അഡ്വ. പ്രഗീത് ജി.ജി, ബിന്ദു കെ. സുകുമാരൻ, ശോഭന കൽപാസ്, വിനിത സന്തോഷ്, മറ്റ് ജനപ്രതിനിധികൾ, കേരള വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി ബീന വൈ.ബി, പാറശാല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ആർ പ്രേം സുജിത്ത്, പാറശാല ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമപഞ്ചായത്തിലേയും ജീവനക്കാർ എന്നിവരും പങ്കെടുത്തു.
ഔദ്യോഗിക ചടങ്ങിന് ശേഷം സ്ത്രീ സംരക്ഷണ നിയമങ്ങൾ വിഷയത്തിൽ കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ക്രിലി കുമാർ.കെ, സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള ഹൈക്കോടതി അഭിഭാഷകനും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ.പി.എം ബിനുത്തോട്ടത്തിൽ എന്നിവർ ക്ലാസുകൾ എടുത്തു.
- Log in to post comments