Skip to main content

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക പരിശീലനം

വിദ്യാജ്യോതി പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് (നവംബർ 10) ഉദ്‌ഘാടനം ചെയ്യും 

 പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'വിദ്യാജ്യോതി' പദ്ധതിക്ക് ഇന്ന് (നവംബർ 10) തുടക്കമാകും.  പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന്  ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് 2026-27 അധ്യയന വർഷത്തിൽ പദ്ധതി നടപ്പാക്കുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മികച്ച വിജയം കൈവരിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആസൂത്രിതമായ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.  പ്രിയദർശിനി ചടങ്ങിൽ അധ്യക്ഷയാകും. വൈസ് പ്രസിഡന്റ് ബി. പി. മുരളി സ്വാഗതം ആശംസിക്കും. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ബിജു ആർ. പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ നന്ദി പറയും.

date