നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിച്ച് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തും – ഡോ. കെ.എം. ചന്ദ്രശേഖർ
* 'പങ്കാളിത്തത്തിലൂടെയുള്ള വളർച്ച' പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ വികസന മുദ്രാവാക്യം
* 16 ലക്ഷം കോടിയുടെ സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം 28 ലക്ഷം കോടിയായി ഉയർത്തൽ ലക്ഷ്യം
* നിക്ഷേപക സംഗമങ്ങളിലൂടെ പ്രാദേശിക വികസനത്തിനും തൊഴിൽ സൃഷ്ടിക്കും തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണം
* ജില്ലാതല പദ്ധതി പുരോഗതി ആസൂത്രണ ബോർഡ് നേരിട്ട് വിലയിരുത്തും
പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിലൂടെ (2027–2032) പങ്കാളിത്ത വികസനത്തിന് ഊന്നൽ നൽകി കേരളത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. കെ.എം. ചന്ദ്രശേഖർ. പദ്ധതിയുടെ മുന്നോടിയായി ജില്ലയിലെ ജനപ്രതിനിധികൾ,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ എന്നിവരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ പുതിയ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
'പങ്കാളിത്തത്തിലൂടെയുള്ള വളർച്ച' (Growth through Partnership) എന്ന ആശയത്തിലൂന്നിയാണ് പതിനഞ്ചാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്നത്. നിലവിൽ 16 ലക്ഷം കോടി രൂപയായ സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം (GSDP) 28 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനത്തോളം ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവഴിക്കപ്പെടുന്ന സാഹചര്യത്തിൽ, മൂലധന ചെലവുകൾക്കായി പ്രതിവർഷം ലഭ്യമാകുന്ന 22,000–23,000 കോടി രൂപ മാത്രം ഉപയോഗിച്ച് സമഗ്ര വികസനം സാധ്യമാകില്ല. കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാന പദ്ധതികളുമായി സംയോജിപ്പിച്ച് പരമാവധി സാമ്പത്തിക സഹായം നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും കാർഷിക- വ്യാവസായിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ മേഖല, ബാങ്കുകൾ, പ്രവാസികൾ, സ്വകാര്യ മേഖല എന്നിവയുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. കേരളത്തിൽ നിക്ഷേപം നടത്താൻ പ്രവാസികൾക്കും നിക്ഷേപകർക്കും താൽപര്യമുണ്ടെങ്കിലും ചുവപ്പുനാടയും നടപടിക്രമങ്ങളിലെ കാലതാമസവും തടസ്സമാകുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ കാലതാമസം കാരണം 350 കോടി രൂപയുടെ നിക്ഷേപം മൂന്നര വർഷത്തോളം മുടങ്ങിക്കിടന്ന സാഹചര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത്തരം തടസ്സങ്ങൾ നീക്കുന്നതിനായി ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിവരികയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പെർമിറ്റുകളും അനുമതികളും നൽകുന്ന സംവിധാനത്തിൽ മാത്രം ഒതുങ്ങാതെ, പ്രാദേശിക തലത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിച്ച് ചെറുകിട സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയുക്തമായി വലിയ വികസന പദ്ധതികൾ ഏറ്റെടുക്കുകയും വേണം. ഇതിനാവശ്യമായ മാർഗരേഖകളിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതികൾ നിർദേശങ്ങളിൽ മാത്രം ഒതുങ്ങാതെ കൃത്യമായ ഫലപ്രാപ്തിയും സമയബന്ധിതമായ പൂർത്തീകരണവും ഉറപ്പാക്കുന്ന SMART മാതൃകയിൽ (Specific, Measurable, Achievable, Result-oriented, Time-bound) തയ്യാറാക്കും. ഇതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെയും സഹായം തേടിയിട്ടുണ്ട്. 'പ്ലാൻ സ്പേസ്' സോഫ്റ്റ്വെയർ പരിഷ്കരിക്കുന്നതിനായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹകരണവും ഉറപ്പാക്കും.
പദ്ധതി നിർവഹണം കാര്യക്ഷമമാക്കുന്നതിനായി ആസൂത്രണ ബോർഡിന്റെ പ്രവർത്തന ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഓരോ രണ്ട് ജില്ലകൾക്കും ഒരു ഡിവിഷൻ മേധാവിയെ (ചീഫ്) നിയമിച്ചിട്ടുണ്ട്. കോഴിക്കോട് ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ചീഫ് മാസത്തിലൊരിക്കലെങ്കിലും ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തും. കൂടാതെ, ആസൂത്രണ ബോർഡ് അംഗങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ തങ്ങളുടെ ചുമതലയിലുള്ള ജില്ലകളിലെത്തി ജില്ലാ കളക്ടർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമെന്ന് ഡോ. കെ.എം. ചന്ദ്രശേഖർ പറഞ്ഞു.
ചടങ്ങിൽ അഡ്വ. വി.കെ ഫൈസൽ ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
- Log in to post comments