Skip to main content

എസ്.എസ്.എൽ.സി വിജയത്തിന് കൈത്താങ്ങായി 'പ്രോജക്ട് കെയർ'; ശ്രീചിത്ര ഹോമിൽ പദ്ധതിക്ക് തുടക്കം

ശ്രീചിത്ര ഹോമിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 'പ്രോജക്ട് കെയർ' പദ്ധതിക്ക് തുടക്കമായി. ജില്ലാ ഭരണകൂടം, കനൽ ഇന്നവേഷൻസ്, ക്വസ്റ്റ് ഗ്ലോബൽ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ 2026-27 അധ്യയന വർഷത്തെ ഉദ്ഘാടനം ശ്രീചിത്ര ഹോമിൽ അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹപുരാം നിർവഹിച്ചു. 

ശ്രീചിത്ര ഹോമിലെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലായി പഠിക്കുന്ന 15 ഓളം കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അക്കാദമിക നിലവാരം ഉയർത്തുന്നതിനും പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിനും പ്രത്യേക പരിശീലനവും പിന്തുണയും നൽകും. പാഠ്യവിഷയങ്ങളിലെ അറിവ് വർധിപ്പിക്കുന്നതിനൊപ്പം സർഗാത്മകത, ചിന്താശേഷി, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ അഭിരുചി എന്നിവ വളർത്തുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കുട്ടികളുടെ വ്യക്തിത്വവികസനത്തിനും മാനസിക-സാമൂഹിക പിന്തുണയ്ക്കും പ്രത്യേക പരിഗണന നൽകും.

കനൽ ഇന്നവേഷൻസിലെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനായി പ്രതിമാസ അസസ്‌മെന്റുകളും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ കുട്ടിക്കും ആവശ്യമായ തുടർപിന്തുണ ഉറപ്പാക്കും. ചടങ്ങിന്റെ ഭാഗമായി സിനിമ കൊട്ടകയുടെ നേതൃത്വത്തിൽ ചലച്ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.

കനൽ ഇന്നവേഷൻസ് ഡയറക്ടർ അഡ്വ. ആൻസൺ പി.ഡി. അലക്സാണ്ടർ, ക്വസ്റ്റ് ഗ്ലോബൽ ഡെലിവറി മാനേജർ ബിജീഷ് എം.എസ്. തുടങ്ങിയവർ പങ്കെടുത്തു.

date