Skip to main content

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; യുവ ഒരുമനയൂർ ഓവറോൾ ചാമ്പ്യന്മാർ

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം' സമാപിച്ചു. ഒരാഴ്ചയോളം നീണ്ടുനിന്ന കലാ-കായിക മത്സരങ്ങളിൽ നിരവധി യുവപ്രതിഭകൾ പങ്കെടുത്തു.
യുവതലമുറയെ ലഹരിയിൽനിന്ന് അകറ്റി ആരോഗ്യവും കായികക്ഷമതയും മാനസിക ഉന്മേഷവുമുള്ള സമൂഹമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം സംഘടിപ്പിച്ചത്. സമാപന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ് മുഖ്യാതിഥിയായി.

കേരളോത്സവത്തിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് 'യുവ ഒരുമനയൂർ' കരസ്ഥമാക്കി. 'യുവജന കലാവേദി' ഒന്നാം റണ്ണറപ്പായും 'സൺറൈസ്' രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ച ക്യാഷ് പ്രൈസുകൾ സമ്മാനിച്ചു. ഓവറോൾ ചാമ്പ്യന്മാരായ യുവ ഒരുമനയൂരിന് 8,001 രൂപയാണ് ഒന്നാം സമ്മാനമായി ലഭിച്ചത്.

വൈസ് പ്രസിഡന്റ് നഷ്റ മുഹമ്മദ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എം. ഷാഹിദ്, കെ.ജെ. ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.എസ്. ഷക്കീർ മാസ്റ്റർ, പി.കെ. കബീർ, ഹഫ്സത്ത് അഷറഫ്, സ്വാതി നിഖിൽ, ഹിഷാം കപ്പൽ, അൻഷിദ അസ്ലം, കെ.വി. ധനേഷ്, ലീന സജീവൻ, ആരിഫ ജൂഫൈർ, ജസീറ നസീർ, യൂത്ത് കോ-ഓർഡിനേറ്റർ ഫദിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.

date