Skip to main content

കുരുന്നുകളുടെ കളിചിരികൾ നിറഞ്ഞ് ജില്ലാതല ശിശുദിനാഘോഷം; ശിശുസംഗമവും സ്റ്റാമ്പ്‌ പ്രകാശനവും ശ്രദ്ധേയമായി

കുരുന്നുകളുടെ കളിചിരികളും വർണ്ണാഭമായ കാഴ്ചകളും നിറഞ്ഞ് ജില്ലാതല ശിശുദിനാഘോഷം ശ്രദ്ധേയമായി. ചാച്ചാജിയുടെ സ്മരണകൾ പുതുക്കി കുട്ടികൾ തന്നെ നയിച്ച ശിശുസംഗമം വേറിട്ട അനുഭവമായി മാറി. ജില്ലാ ശിശുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം ടൗൺ ഹാളിലാണ് ശിശുദിന സംഗമവും സ്റ്റാമ്പ്‌ പ്രകാശനവും സംഘടിപ്പിച്ചത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ ജബ്ബാർ ഹാജി ഈ വർഷത്തെ ശിശുദിന സ്റ്റാമ്പ്‌ പ്രകാശനം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ വസതിക്ക് മുന്നിൽനിന്ന് ആരംഭിച്ച വർണ്ണാഭമായ ശിശുദിന ഘോഷയാത്ര സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ഷാജേഷ് ഭാസ്‌കർ ഫ്ലാഗ് ഓഫ് ചെയ്തു.

ശിശുദിന സംഗമത്തിൽ കുട്ടികളുടെ പ്രസിഡന്റ്‌ എസ്സ ഫാത്തിമ അധ്യക്ഷയായി. കുട്ടികളുടെ പ്രധാനമന്ത്രി കെ.ടി ഇഹാൻ റിസ്‌വി ഉദ്ഘാടനം നിർവഹിച്ചു. അലിഷ് ബി റഫീഖ്, അഗ്ന അഷ്മി സുരേഷ്, അമേയ പുല്ലാനിക്കാട് തുടങ്ങിയവർ സംസാരിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന രചനോത്സവത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങളും ഘോഷയാത്രയിൽ പങ്കെടുത്ത സ്കൂളുകൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ. റിനിഷ, വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ, സി.ഡബ്ല്യു.സി ചെയർമാൻ എ. മമ്മു മാസ്റ്റർ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്.എൽ ശ്യാം ശങ്കർ, വിദ്യാഭ്യാസ ഉപഡയറക്ടർ സലാവുദ്ധീൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. സുനിത, ജില്ലാ ശിശുസംരക്ഷണ സമിതി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും പരിപാടിയുടെ ഭാഗമായി.

date