Skip to main content

ചേർത്തല ടൗൺ എൽ.പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ മേഖല ശാക്തീകരിക്കും; ഡിജിറ്റൽ പഠനം  ഉറപ്പാക്കും: മന്ത്രി എൻ. ഷംസുദ്ദീൻ

 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഡിജിറ്റൽ പഠനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ചേർത്തല ടൗൺ എൽ.പി. സ്കൂളിൽ എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയിലൂടെ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസ മേഖലയിൽ വിവിധ കർമ്മപരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യങ്ങളും പഠനനിലവാരത്തിലെ പോരായ്മകളും കണ്ടെത്തി പരിഹരിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) മുഖേന 'റിവൈവ് നവജീവനം' എന്ന പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. ശാസ്ത്ര-സാങ്കേതിക പുരോഗതിക്കൊപ്പം പൊതുവിദ്യാലയങ്ങളെയും ഉയർത്തുന്നതിന്റെ ഭാഗമായി എല്ലാ എൽ.പി, യു.പി. സ്കൂളുകളിലും ഡിജിറ്റൽ പഠന സംവിധാനം ഉറപ്പുവരുത്തുമെന്നും, ഇതിനായി സംസ്ഥാനത്തെ 6,000 വിദ്യാലയങ്ങളിൽ കുറഞ്ഞത് അഞ്ച് കമ്പ്യൂട്ടറുകളെങ്കിലും ഉൾപ്പെടുന്ന 'ഡിജിറ്റൽ സ്ക്വയറുകൾ' സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിർമിത ബുദ്ധിയുടെ സമകാലിക ലോകത്ത് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർധിപ്പിക്കാൻ ഹൈസ്കൂൾ തലത്തിൽ എ.ഐ, റോബോട്ടിക് സയൻസ് എന്നിവ പരിചയപ്പെടുത്തുന്ന 'എറൈസ്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പി. പ്രസാദ് എം.എൽ.എ അധ്യക്ഷനായി. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ നേട്ടങ്ങളാണ് ചേർത്തല ടൗൺ എൽ.പി. സ്കൂൾ കൈവരിച്ചിട്ടുള്ളതെന്നും, പുതിയ ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷം കൂടുതൽ മികച്ചതാക്കുമെന്നും എം.എൽ.എ പറഞ്ഞു.

എസ്.എസ്.കെ സ്റ്റാർസ് ഫണ്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ്  രണ്ട്  അധിക ക്ലാസ് മുറികൾ ഉൾപ്പെടുന്ന പുതിയ കെട്ടിടം സ്കൂളിൽ നിർമ്മിച്ചത്. 

വാർഡ് കൗൺസിലർ ഡി. ജ്യോതിഷ്, ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം ആർ സുനിമോൾ, ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പി ബാലാദേവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ ജയലക്ഷ്മി, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ ഡോ. കെ. മോഹൻകുമാർ, എസ് എസ് കെ ജില്ല പ്രൊജക്റ്റ് കോർഡിനേറ്റർ എൻ. ഷെഹീർ, സ്കൂൾ പ്രധാനാധ്യാപിക സി സേതുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

date