Skip to main content
തളിപ്പറമ്പ് താലൂക്കാശുപത്രിയിലേക്ക് അനുവദിച്ച അത്യാധുനിക ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് ചെയ്തു

തളിപ്പറമ്പ് താലൂക്കാശുപത്രിയിലേക്ക് അനുവദിച്ച അത്യാധുനിക ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് ചെയ്തു

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സൗജന്യ അടിയന്തര ആംബുലന്‍സ് സേവന പദ്ധതി (കനിവ്)യില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച അത്യാധുനിക ജീവന്‍ രക്ഷാ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. താലൂക്ക് ഹോസ്പിറ്റല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. സുബൈര്‍ അധ്യക്ഷനായി. 
വെന്റിലേറ്റര്‍ സൗകര്യം, ഹൃദയസ്തംഭന വേളയില്‍ ഉപയോഗിക്കുന്ന ഡീഫിബ്രിലേറ്റര്‍, മള്‍ട്ടി-പാരാമീറ്റര്‍ മോണിറ്റര്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, ശ്വാസനാളത്തിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാനുളള സക്ഷന്‍ മെഷീന്‍ തുടങ്ങിയ സൗകര്യങ്ങളും അത്യാഹിത വിഭാഗത്തില്‍ പരിശീലനം ലഭിച്ച വിദഗ്ധ പാരാമെഡിക്കല്‍ നഴ്സിന്റെ മുഴുവന്‍ സമയ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഫ്‌ളാഗ് ഓഫ ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ രഞ്ജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. മുഹമ്മദ് ബഷീര്‍, പി.പി. വല്‍സല, പി. റജില, പി.സി. നസീര്‍, കൗണ്‍സിലര്‍മാരായ ടി. ബാലകൃഷ്ണന്‍, അശോക് കുമാര്‍ അഞ്ചാമര, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അശ്വിന്‍, നഴ്‌സിംഗ് സൂപ്രണ്ട് ആര്‍.കെ സതി എന്നിവര്‍ സംസാരിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സിന്റെ സേവനം സൗജന്യമാണ്. 
വാഹനാപകടങ്ങള്‍, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങള്‍, വിഷബാധ, പ്രസവം എന്നിവയുള്‍പ്പടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് 108 എന്ന നമ്പര്‍ വഴി ആംബുലന്‍സ് സേവനത്തിനായി ബന്ധപ്പെടാം.

date