Skip to main content

വായനയാണ് ലഹരി; പുരസ്‌കാര വിതരണം നടത്തി

 

 

ദേശീയ വായനാദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ഓണ്‍ലൈന്‍ ആസ്വാദനക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ നടന്നു. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുക, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തുക, വായനയെ ക്രിയാത്മകവും അര്‍ത്ഥവത്തുമായ ജീവിതശീലമായി പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

 

സബ് കളക്ടര്‍ ഏഹ്‌തെദാ മുഫസ്സിര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. 'വായനയാണ് ലഹരി' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ അലീന ജെയ്‌സണ്‍ ഒന്നാം സ്ഥാനം നേടി. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളിലെ സഫ ഷിറിന്‍ രണ്ടാം സ്ഥാനവും മുള്ളൂര്‍ക്കര ഹോളി ക്രോസ് സ്‌കൂളിലെ എ.എല്‍. ഏഞ്ചല്‍ മരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പങ്കാളിത്തവും സാഹിത്യാഭിരുചിയും പ്രകടിപ്പിച്ച പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.

 

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതിയായ ബാല്യകാലസഖി ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തില്‍ ജില്ലയിലെ 41 സ്‌കൂളുകളില്‍ നിന്നായി 58 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പുരസ്‌കാര വിതരണച്ചടങ്ങില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി അനൂപ് സ്വാഗതവും എക്‌സൈസ് വിമുക്തി മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ് നന്ദിയും പ്രകാശിപ്പിച്ചു.

 

date