വിക്ടോറിയ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കും: മന്ത്രി ബിന്ദു കൃഷ്ണ നിയോനേറ്റല്‍ 108 ആംബുലന്‍സ് ഫ്ലാഗ് ഓഫ് ചെയ്തു
പതിറ്റാണ്ടുകളായി സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊല്ലം വിക്ടോറിയ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തൊഴില്‍, വനിത-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ. വിക്ടോറിയ ആശുപത്രി അങ്കണത്തില്‍ നിയോനേറ്റല്‍ ഐസിയു ആംബുലന്‍സ് ഉള്‍പ്പെടെ പുതുതായി സജ്ജമാക്കിയ മൂന്ന് ആംബുലന്‍സുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലുമായി ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. രണ്ട് ആശുപത്രികളിലുമായി 250 പേ വാര്‍ഡുകള്‍ ഒരുക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആറ് പുതിയ നിയോനേറ്റല്‍ ആംബുലന്‍സുകളാണ് വിന്യസിച്ചിരിക്കുന്നത്. ഇതില്‍ കൊല്ലം ജില്ലയ്ക്ക് അനുവദിച്ച നിയോനേറ്റല്‍ ആംബുലന്‍സ് വിക്ടോറിയ ആശുപത്രി കേന്ദ്രമാക്കി പ്രവര്‍ത്തിക്കും. ആശുപത്രികളിലെ ഐസിയു സംവിധാനത്തിന് സമാനമായ സൗകര്യങ്ങളോടെയാണ് നിയോനേറ്റല്‍ ഐസിയു ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. നവജാത ശിശുക്കളെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി മാറ്റുന്നതിന് ആംബുലന്‍സ് സഹായകമാകും. ഇന്‍ക്യുബേറ്റര്‍ വിത്ത് ട്രോളി, കാര്‍ഡിയാക് മോണിറ്റര്‍, നിയോനേറ്റല്‍ വെന്റിലേറ്റര്‍, സി-പാപ്, ഇന്‍ഫ്യൂഷന്‍ പമ്പ് ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ആംബുലന്‍സിലുണ്ട്.
ചടങ്ങില്‍ മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആര്. ലതാദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എല്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എല്വിന് ജോസ്, ആശുപത്രി സൂപ്രണ്ട് ഡോ. മാര്ട്ടിന് ഗ്ലാഡ്സ്റ്റണ്, ആര്.എം.ഒ ഡോ. ശരണ്യ ബാബു, ആശുപത്രി ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments