Skip to main content

മിഷൻ സമുദ്ര ആദ്യനീക്കം കോട്ടയം പോർട്ടിലൂടെ

* വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിലേക്ക് ആദ്യ പ്രധാന ഇറക്കുമതി ചരക്കുനീക്കം

* എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് 60 കണ്ടെയ്നർ സ്വാഭാവിക റബ്ബർ 

കോട്ടയം പോർട്ടിലൂടെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി ആദ്യത്തെ പ്രധാന ഇറക്കുമതി ചരക്കുനീക്കം നടത്തുന്നതോടെ കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ (ഐസിഡി) വികസനത്തിൽ നിർണായക മുന്നേറ്റത്തിന് വഴിയൊരുങ്ങുന്നു. എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബറാണ് 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിൽ എത്തിക്കുന്നത്. മൂന്ന് ബിൽ ഓഫ് ലേഡിങ്ങുകളിലായി 20 കണ്ടെയ്നറുകൾ വീതമാണ് ചരക്കുനീക്കം ക്രമീകരിച്ചിരിക്കുന്നത്.

പുതിയ ചരക്കുനീക്ക സംവിധാനം എംആർഎഫിന്റെ ചരക്കുഗതാഗത സമയവും പ്രവർത്തനച്ചെലവും കുറയ്ക്കുന്നതിനൊ8പ്പം പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും. നിലവിൽ മുംബൈ വഴി ട്രാൻസ്ഷിപ്മെന്റ് നടത്തി എത്തിക്കുന്ന ചരക്കുകൾ ലക്ഷ്യസ്ഥാനത്തെത്താൻ ഏകദേശം ഒരു മാസം വരെ എടുക്കാറുണ്ട്. ഈ കാലതാമസം ഒഴിവാക്കുന്നതിനായി പോർട്ട് ഓഫ് ഡെസ്റ്റിനേഷൻ (POD) ആയി വിഴിഞ്ഞം തുറമുഖത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് എംആർഎഫ്. വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിലെത്തിച്ചായിരിക്കും തുടർനടപടികൾ പൂർത്തിയാക്കുക.

കോട്ടയം ഐസിഡിയിൽ ഓരോ ബിൽ ഓഫ് ലേഡിങ്ങിന് കീഴിലുള്ള 20 കണ്ടെയ്നറുകളിലെയും ചരക്കുകൾ കസ്റ്റംസ് പരിശോധനയ്ക്കും മറ്റ് നിർബന്ധിത ക്ലിയറൻസ് നടപടികൾക്കും വിധേയമാക്കും. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാർജ് (OOC) അനുമതി ലഭിച്ചശേഷം അതേ ട്രക്കുകളിൽ തന്നെ കണ്ടെയ്നറുകൾ കൊച്ചിയിലെ എംആർഎഫിന്റെ കേന്ദ്രീകൃത വെയർഹൗസിലേക്ക് കൊണ്ടുപോകും. ഇതുവഴി ഉൽപ്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ വേഗത്തിൽ ലഭ്യമാക്കാനും ഫാക്ടറികളുടെ പ്രവർത്തനക്ഷമതയും ഉൽപ്പാദനവും വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറക്കുമതി ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ കയറ്റുമതി ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രധാന നേട്ടം. എംആർഎഫിന് ആവശ്യമായ വെയർഹൗസ് സൗകര്യം ഒരുക്കിയശേഷം ഇറക്കുമതി ചരക്കുകൾ അവിടെ ഇറക്കുകയും ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിലെ കണ്ടെയ്നർ യാർഡിൽ സൂക്ഷിച്ച് കയറ്റുമതിക്കാർക്ക് ലഭ്യമാക്കുകയും ചെയ്യാം.

നിലവിൽ കയറ്റുമതിക്കാർ പലപ്പോഴും കൊച്ചിയിൽനിന്ന് ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയത്തേക്ക് എത്തിച്ചാണ് ചരക്കുകൾ നിറയ്ക്കുന്നത്. ഇറക്കുമതിയിലൂടെ ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ തന്നെ കയറ്റുമതിക്ക് ഉപയോഗിക്കുന്നതിലൂടെ ഈ അധിക ഗതാഗതച്ചെലവും സമയനഷ്ടവും കുറയ്ക്കാനാകും. കണ്ടെയ്നറുകളുടെ പുനരുപയോഗം വേഗത്തിലാക്കാനും കയറ്റുമതി പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കും.

ഇറക്കുമതിയും കയറ്റുമതിയും പരസ്പരം ബന്ധിപ്പിച്ചുള്ള ഈ ചരക്കുനീക്ക മാതൃക ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ലോജിസ്റ്റിക്സ് സേവനദാതാക്കൾക്കും ഒരുപോലെ പ്രയോജനകരമായ ചെലവുകുറഞ്ഞ സംവിധാനം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കോട്ടയം ഐസിഡിയെ കൂടുതൽ മത്സരക്ഷമവും പ്രാദേശിക വ്യാപാര-ചരക്കുഗതാഗത മേഖലയിലെ പ്രധാന കേന്ദ്രവുമായി വികസിപ്പിക്കാനാകും.

കോട്ടയം ഐസിഡി വഴി കൂടുതൽ ഇറക്കുമതി-കയറ്റുമതി ചരക്കുനീക്കങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും കേരളത്തിലെ ചരക്കുഗതാഗത-വ്യാപാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനും ഈ സംരംഭം വഴിയൊരുക്കും. സംസ്ഥാനത്തിന്റെ സമുദ്രവ്യാപാര-ലോജിസ്റ്റിക്സ് സാധ്യതകൾ വികസിപ്പിക്കുക എന്ന മിഷൻ സമുദ്രയുടെ വിശാലമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലും ഈ നീക്കം നിർണായകമാകും. കയറ്റുമതി ഇറക്കുമതികാർക്ക് സുഗമമായ ഒരു പ്രവർത്തന കേന്ദ്രമാണ് കോട്ടയം പോർട്ട് എന്ന് ജനറൽ മാനേജർ രൂപേഷ് ബാബു വ്യക്തമാക്കി. സേവനങ്ങൾക്ക് ബന്ധപ്പെടാം 9497717984

പി.എൻ.എക്‌സ്. 4929/2026

date