ജില്ലയെ സമ്പൂർണ പ്രഥമ ശുശ്രൂഷാ സുസജ്ജമാക്കാൻ ജില്ലാ പഞ്ചായത്ത്
ജീവൻരക്ഷാ പരിശീലന ശില്പശാല സംഘടിപ്പിച്ചു
ജില്ലയെ സമ്പൂർണ്ണ പ്രഥമ ശുശ്രൂഷാ സുസജ്ജ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ ജീവൻരക്ഷാ പരിശീലന ശില്പശാല സംഘടിപ്പിച്ചു.
അപകടം നടന്ന് ആംബുലൻസ് എത്തുന്നതിന് മുമ്പുള്ള ആദ്യ മിനിറ്റുകളാണ് പലപ്പോഴും ജീവനും മരണവും തമ്മിലുള്ള അതിർത്തി. നിർണായക മിനിറ്റുകളിൽ പകച്ചുനിൽക്കാതെ ജീവൻ രക്ഷിക്കാൻ അറിയാവുന്ന ജില്ലയാകാനാണ് എറണാകുളം ഒരുങ്ങുന്നത്. അതിനായുള്ള പ്രയത്നത്തിലാണ് ടീം ജില്ലാ പഞ്ചായത്ത് എന്ന് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
നാളെ നമ്മുടെ മുന്നിൽ ആരെങ്കിലും കുഴഞ്ഞുവീണാൽ നിസ്സഹായരായി നോക്കിനിൽക്കുന്നവരാകരുത്, ജീവൻ രക്ഷിക്കാൻ അറിയുന്നവരാകണം എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു. പദ്ധതിയിടെ ഓരോ പഞ്ചായത്തിലും നഗരസഭയിലും പരിശീലനം ലഭിച്ച ടാസ്ക് ഫോഴ്സിനെ വാർത്തെടുക്കാനാകും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെയും മിത്രകുലം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏകോപനത്തോടെയുമാണ് ശില്പശാല നടന്നത്.
റോഡപകടത്തിൽ രക്തം വാർന്ന് കിടക്കുന്നയാളെ എങ്ങനെ രക്ഷിക്കാം, ഹൃദയസ്തംഭനം വന്നയാൾക്ക് സി.പി.ആർ. എങ്ങനെ നൽകാം, പൊള്ളലേറ്റ കുട്ടിക്ക് ആദ്യം എന്ത് ചെയ്യണം, പാമ്പ് കടിയേറ്റാൽ പരിഭ്രാന്തരാകാതെ എന്ത് ചെയ്യണം എന്നിവയെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ബേസിക് ട്രോമ കെയർ, സ്റ്റോപ്പ് ദി ബ്ലീഡ്, ബേസിക് ഫസ്റ്റ് എയ്ഡ്, ബേസിക് ലൈഫ് സപ്പോർട്ട് എന്നീ നാല് ജീവൻരക്ഷാ പരിശീലനങ്ങളാണ് നൽകിയത്.
സിറ്റി പോലീസ്, റൂറൽ പോലീസ്, തീരദേശ പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, മോട്ടോർ വെഹിക്കിൾ, റെയിൽവേ പോലീസ്, കൊച്ചി കോർപ്പറേഷൻ ജീവനക്കാർ, കുടുംബശ്രീ ജില്ലാ മിഷനിലെയും വിവിധ സി.ഡി.എസുകളിലെയും ഭാരവാഹികൾ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, റെഡ് ക്രോസ് പ്രതിനിധികൾ, ഡ്രൈവർമാർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നൂറുകണക്കിന് പേർ പങ്കെടുത്തു. മിത്രകുലം ചാരിറ്റബിൾ ട്രസ്റ്റിലെ അനിൽ ജോസ് പദ്ധതി വിശദീകരിച്ചു. തൊഴിലുറപ്പ് പദ്ധതികളുടെ മുൻ ഓംബുഡ്സ്മാൻ വർഗീസ് പദ്ധതി രൂപപ്പെട്ട ചരിത്രം വിവരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു സാനി (കറുകുറ്റി), ലിജോ ജോർജ് (മുളന്തുരുത്തി), സീന സജീവ് (ഏഴിക്കര), പ്രഷീല (കോട്ടുവള്ളി), സിന്ദു ശശി (ഒക്കൽ), സലോമി ടോമി (മലയാറ്റൂർ), ജയരാധാകൃഷ്ണൻ (മൂക്കന്നൂർ), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിത തോമസ്, ബിന്ദു ജോർജ്, നിത്യ ഹരിദാസ് എന്നിവർ സംസാരിച്ചു.
- Log in to post comments