Skip to main content

കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ്: അമ്പെയ്ത്തിൽ അമ്മയുടെ വഴിയേ അമയ്

അമ്മയുടെ കൈപിടിച്ച് അമ്പെയ്ത്തിന്റെ ലോകത്തേക്ക് എത്തിയ വയനാട് സ്വദേശി അമയ് കൃഷ്ണയ്ക്ക് ആദ്യ കളിക്കളത്തിൽ വെള്ളിത്തിളക്കം. പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അമയ് സീനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്ത് വിഭാഗത്തിലാണ് വെള്ളിമെഡൽ സ്വന്തമാക്കിയത്.

അമ്പെയ്ത്തിൽ അമയ്-യുടെ വഴികാട്ടി അമ്മ ബിന്ദുവാണ്. സ്‌കൂൾ പഠനകാലത്ത് ദേശീയതല അമ്പെയ്ത്ത് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ബിന്ദുവിന്റെ കായികാനുഭവങ്ങളാണ് മകനിലും അമ്പെയ്ത്തിനോടുള്ള താൽപര്യം വളർത്തിയത്. 12-ാം വയസ്സിലാണ് അമയ് അമ്പെയ്ത്ത് പരിശീലനം ആരംഭിച്ചത്. അമ്പെയ്ത്തിനൊപ്പം ഫുട്‌ബോളിനോടും താൽപര്യമുണ്ട്. 

ദേശീയതല മത്സരത്തിൽ സ്വർണമെഡൽ നേടണമെന്നതാണ് അമയ് യുടെ സ്വപ്നം. അടുത്ത 'കളിക്കള'ത്തിൽ സ്വർണം സ്വന്തമാക്കുമെന്ന ആത്മവിശ്വാസവും ഈ കൊച്ചുതാരത്തിനുണ്ട്. വയനാട് പള്ളിക്കുന്ന് പുലിമുണ്ട സ്വദേശിയാണ് അമയ്. അമ്മ ബിന്ദു ഹോം നഴ്സായി ജോലി ചെയ്യുന്നു. കൂലിപ്പണിക്കാരനാണ് അച്ഛൻ സുരേഷ് ബാബു.

date