Skip to main content
..

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം:  തുഴകൾ പാഞ്ഞു; ആരവങ്ങളിൽ ഇളകി മറിഞ്ഞ് അഷ്‌ടമുടിക്കര

 

അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിൽ തുഴകൾ താളം തീർത്തപ്പോൾ നഗരം ആവേശത്തിന്റെ നെറുകയിലായി. പ്രസിഡന്റ്സ് ട്രോഫി വള്ളംകളിക്കും ചാമ്പ്യൻസ് ലീഗ് ഫൈനലിനും സാക്ഷിയാകാനായി ആയിരങ്ങളാണ് ഉച്ചയോടെ കായൽക്കരയിലേക്ക് ഒഴുകിയെത്തിയത്.
ചെണ്ടമേളം, വയലിൻ, നൃത്തം, തെയ്യം, പടയണി തുടങ്ങി വിവിധ കലകളുടെ അകമ്പടിയോടെയാണ് വള്ളംകളിക്ക് തുടക്കമായത്. കലാരൂപങ്ങളുടെ താളവും ചുവടുകളും കായൽക്കരയിലെ ആഘോഷത്തിന് പൊലിമയേറ്റി. പാരമ്പര്യ കലയുടെ നിറവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിനിടെ ജെറ്റ് സ്‌കി,  ഫ്‌ളൈബോർഡ് പ്രദർശനങ്ങൾ കായലിലും അരങ്ങേറി. ജെറ്റ് സ്‌കീ അഭ്യാസ പ്രകടനങ്ങൾ കാണികളിൽ കൗതുകമുണർത്തി. പച്ചക്കൊടിയേന്തിയ സ്പീഡ് ബോട്ടുകൾ റേസ് ട്രാക്കിലൂടെ സഞ്ചരിച്ച് മത്സരവള്ളങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. മത്സര വള്ളങ്ങൾ വെള്ളത്തിലിറങ്ങിയതോടെ കായലും കരയും ഒരുപോലെ ആകാംക്ഷയോടെ കാത്തുനിന്നു ജലരാജാക്കന്മാരെ കണ്ടെത്താൻ.
ചലച്ചിത്ര താരങ്ങളായ ബേസിലും റിയ ഷിബുവും കൂടിയെത്തിയതോടെ കായൽക്കര ആഘോഷ മൂഡിലായി. ഓളപ്പരപ്പിനെ കീറിമുറിച്ച് വള്ളങ്ങൾ മുന്നേറിയപ്പോൾ കായൽക്കരയാകെ കൈയടികളും ആരവങ്ങളും ഉയർന്നു. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിൽ തുഴച്ചിലിന്റെ വേഗം കൂടിയതോടെ കരയിലെ ആവേശവും ഇരട്ടിയായി.  ഒടുവിൽ ഗ്യാലറിയിലെ ആരവങ്ങൾക്കിടെ പള്ളാത്തുരുത്തി ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ ജലരാജാവായതോടെ ആവേശം അണപൊട്ടി. വള്ളങ്ങൾ ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചെത്തുമ്പോൾ കൈയടിച്ചും പാട്ടുകൾ പാടിയും ആവേശം പങ്കിട്ട കാണികൾ മികച്ച മൽസരങ്ങൾ കാണാനായതിൻ്റെ നിർവൃതിയോടെയാണ് ഒടുവിൽ 
അസ്‌തമയ ശോഭ നിറഞ്ഞ കായൽക്കരയിൽ നിന്ന് കാണികൾ മടങ്ങിയത്.

date