Skip to main content
എല്ലാവര്‍ക്കും കുടിവെള്ളം; സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കും - മന്ത്രി മോന്‍സ് ജോസഫ്

എല്ലാവര്‍ക്കും കുടിവെള്ളം; സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കും - മന്ത്രി മോന്‍സ് ജോസഫ്

എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥ പ്രതിനിധികളുമായി ജില്ലയുടെ ജലവിതരണ സംവിധാനം സമഗ്രമായി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പില്‍ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ സംവിധാനങ്ങള്‍ പുനക്രമീകരിക്കും. എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ടുളള സമ്പൂര്‍ണ്ണ ജലനയമാണ് ലക്ഷ്യം. സംസ്ഥാന തലത്തിലുള്ള വാട്ടര്‍ കോൺക്ളേവ് ഇതിന്റെ ഭാഗമായി നടത്തും. എല്ലാ ജില്ലകളിലും ഒട്ടേറെ പദ്ധതികള്‍ ജലവിഭവ വകുപ്പിന് കീഴില്‍ പുരോഗമിക്കുകയാണ്. പ്രാദേശികമായി ഏറ്റവും ആവശ്യമുള്ളതിനെ മുന്‍ഗണന നല്‍കി പരിഗണിക്കണം. ഇവയെല്ലാം കാലതാമസമില്ലാതെ സമയബന്ധിതമായി  പൂര്‍ത്തിയാക്കണം. ഒന്ന് രണ്ട് മൂന്ന് വര്‍ഷക്കാലയളവില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ പ്രത്യേകം തരംതിരിച്ച് ഇവ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ജല വിഭവ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സബ് ഡിവിഷന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ അനുവദിക്കും. മറ്റു സൗകര്യങ്ങളുടെ പരിമിതികളെല്ലാം പരിഹരിക്കുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.

ജനങ്ങളോട് മാന്യമായി പെരുമാറണം

പരാതിയും ആവശ്യങ്ങളും പറയാന്‍ വേണ്ടി ജല അതോറിറ്റിയെ സമീപിക്കുന്നവരോട് മാന്യമായും അനുഭാവപൂര്‍വ്വവും പെരുമാറണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ജലവിഭവ വകുപ്പ് ജനസേവന വകുപ്പായി മാറണം. അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുടിവെള്ളം. ഇത് മുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ചെറുതല്ല. ഈ സാഹചര്യങ്ങളിലാണ് ഉപയോക്താക്കള്‍ ജല അതോറിറ്റിയിലേക്ക് വിളിക്കുന്നത്. ഈ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയണം. ഒരു തരത്തിലുള്ള അഴിമതിയും വകുപ്പില്‍ വെച്ചുപൊറുപ്പിക്കില്ല. സദ്‌പേരുള്ള വകുപ്പായി ജലവിഭവ വകുപ്പിനെ മാറ്റണം. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും വകുപ്പ് ചേർത്തുപിടിക്കും. ജല അതോറിറ്റിക്ക് കീഴിലുള്ള വിവിധ വകുപ്പുകളെല്ലാം പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണം. വിവിധ പദ്ധതികളുടെ ഏകീകരണത്തിനും പൂര്‍ത്തീകരണത്തിനും നടത്തിപ്പിനും ഈ കൂട്ടായ്മ അനിവാര്യമാണെ്ന്നും മന്ത്രി പറഞ്ഞു.

പഴശ്ശിയില്‍ ഇറിഗേഷന്‍ ടൂറിസം : സാധ്യതകള്‍ പരിശോധിക്കും

ജില്ലയിലെ പ്രധാനപ്പെട്ട ശുദ്ധജല വിതരണ സ്രോതസ്സായ പഴശ്ശി അണക്കെട്ട് പ്രദേശത്ത് ഇറിഗേഷന്‍ ടൂറിസം സാധ്യതകള്‍ പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ്  മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. അണക്കെട്ട് പ്രദേശം വിനോദ സഞ്ചാര കേന്ദ്രം കൂടിയാകുന്നതോടെ ജലവിഭവ വകുപ്പിന് ഇതില്‍ നിന്നും കൂടുതല്‍ വരുമാനവും ലഭിക്കും. ഒഴിഞ്ഞു കിടക്കുന്നതും മനഹോരവുമായ ഒട്ടേറെ പ്രദേശങ്ങള്‍ പഴശ്ശി അണക്കെട്ട് പരിസരത്തുണ്ട്. കാട് മൂടി കിടക്കുന്ന ഈ പരിസരങ്ങളെ മനോഹരങ്ങളായ ഉദ്യാനമാക്കാന്‍ കഴിഞ്ഞാല്‍ അണക്കെട്ട് സ്ഥലത്തിന്റെ പരിരക്ഷയോടൊപ്പം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും കഴിയും. ജല അതേറിറ്റിയുടെ ഒട്ടേറെ സ്ഥലങ്ങള്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ കാടുമൂടിയും അന്യാധീനതപ്പെട്ടും കിടക്കുന്നുണ്ട്. ഇതെല്ലാം വീണ്ടെടുക്കണം. കാടെല്ലാം വൃത്തിയാക്കി ഇവയെല്ലാം ഉദ്യാനമായും മറ്റും മാറ്റിയാല്‍ മുഖച്ഛായ തന്നെ മാറും. സ്ഥലം സംരക്ഷിക്കുകയെന്ന ദൗത്യം കൂടി ഇവിടെ നിറവേറും.

ജലവിതരണ വകുപ്പിനെ ആധുനികവൽകരിക്കും

ജലവിഭവ വകുപ്പിന് കീഴില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മറ്റുമായി ആധുനിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കും. ഹ്രൈഡ്രോളജി, ക്വാളിറ്റി ടെസ്റ്റിങ്ങ് ലാബ് എന്നിവയെല്ലാം കാലോചിതമായി നവീകരിക്കും. കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ക്കായി ക്വാളിറ്റി ടെസ്റ്റിങ്ങ് ലാബ് തുടങ്ങണമെന്ന ആവശ്യം പരിശോധിക്കും. വാഹനത്തിന്റെ ലഭ്യതക്കുറവ്, എസ്റ്റിമേറ്റ് റീവൈസ് സങ്കീര്‍ണ്ണതകള്‍ തുടങ്ങിയ കാര്യങ്ങള്‍ ജീവനക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവിധ പദ്ധതിക്ക് കീഴില്‍ പുരോഗമിക്കുന്ന പ്രവൃത്തികളുടെ നിലവിലുള്ള സ്ഥിതിഗതികള്‍ മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്തു. ജല അതോറിറ്റി, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പഴശ്ശി ഇറിഗേഷന്‍, ഭൂഗര്‍ഭ ജലവിഭവകുപ്പ്, ഹ്രൈഡ്രോളജി വിഭാഗം, ക്വാളിറ്റി ടെസ്റ്റ്ിങ്ങ് ലാബ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. മണ്ഡലം തലത്തില്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി പദ്ധതികളുടെ പുനരവലോകന യോഗം ചേരുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. തുടര്‍ന്ന് ജലവിഭവ വകുപ്പിന് കീഴിലുള്ള പഴശ്ശി അണക്കെട്ടും മന്ത്രി സന്ദര്‍ശിച്ചു.

date