പണമില്ലാതെ ചികിത്സ മുടങ്ങരുത്; കരുതലിന്റെ 'സ്നേഹസ്പർശ'വുമായി ജില്ലാ പഞ്ചായത്ത്
ചികിത്സയ്ക്ക് പണമില്ലാത്തതുകൊണ്ട് പ്രയാസപ്പെടുന്ന രോഗബാധിതർക്ക് വലിയ ആശ്വാസമാകുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'സ്നേഹസ്പർശം' പദ്ധതി. വൃക്കരോഗികൾക്ക് കൈത്താങ്ങായി 2012-ൽ തുടങ്ങിയ പദ്ധതി വഴി സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയയും മാനസികാരോഗ്യ പരിചരണവും എച്ച്.ഐ.വി ബാധിതർക്കുള്ള അഭയകേന്ദ്രവുമടക്കം എട്ട് വ്യത്യസ്ത ആരോഗ്യ-ജീവകാരുണ്യ പദ്ധതികളാണ് നടപ്പാക്കുന്നത്. ജില്ലാ കളക്ടർ ചീഫ് കോ-ഓർഡിനേറ്ററും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണുമായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ജില്ലയിലെ 45 സെന്ററുകളിലായി ഹീമോ ഡയാലിസിസ് ചെയ്യുന്നവർക്ക് പ്രതിമാസം 12 ഡയാലിസിസുകൾക്ക് 3,960 രൂപയും, വീട്ടിൽ പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് ഫ്ലൂയിഡും ക്യാപ്പും വാങ്ങാൻ 4,000 രൂപയുമാണ് നൽകുന്നത്. മറ്റ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കാത്ത നിർധനർക്ക് അടുത്ത ബന്ധുക്കളുടെ അവയവദാനത്തോടെ സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയ നൽകുന്നതാണ് 'ജീവജ്യോതി' പദ്ധതി. വൃക്ക-കരൾ മാറ്റിവെച്ചവർക്ക് 5,000 രൂപയിലധികം വിലവരുന്ന മരുന്നുകൾ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം ഇഖ്റ ആശുപത്രി മുഖേന 2,500 രൂപയ്ക്ക് ലഭ്യമാക്കുന്നുണ്ട്.
രോഗങ്ങൾ നേരത്തേ കണ്ടെത്താൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഇഖ്റ ആശുപത്രി, സ്നേഹസ്പർശം എന്നിവ ചേർന്ന് ആഴ്ചയിൽ ആറുദിവസവും മൊബൈൽ ക്ലിനിക്ക് നടത്തുന്നുണ്ട്. ചെങ്ങോട്ടുകാവിലും കോട്ടൂരിലും പ്രവർത്തിക്കുന്ന നവജീവൻ ക്ലിനിക്കുകളിലൂടെ ഗ്രാമീണ മേഖലയിലെ മാനസികാരോഗ്യ രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകിവരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന അഗതികളായ പുരുഷ എച്ച്.ഐ.വി ബാധിതർക്കായി കെയർ സെന്ററും പ്രവർത്തിക്കുന്നു; ഇതിന് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. അവയവദാന ബോധവത്കരണത്തിനായുള്ള 'ജീവൽദാനം' പദ്ധതിയിലൂടെ മൂവായിരത്തോളം സമ്മതപത്രങ്ങളാണ് ഇതിനോടകം ലഭിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് പദ്ധതിയുടെ കരുത്ത്. കോഴിക്കോട് കോർപ്പറേഷൻ ഒരു കോടി രൂപയും ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും, നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് ലക്ഷം രൂപ വീതവും, ഗ്രാമപഞ്ചായത്തുകൾ ഒരു ലക്ഷം രൂപ വീതവും പ്രതിവർഷം പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നു.
- Log in to post comments