Skip to main content

ഉന്നത വിദ്യാഭ്യാസ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്; ‘ലീപ്’ ഉദ്ഘാടനം നാളെ (തിങ്കൾ) മന്ത്രി റോജി എം. ജോൺ നിർവഹിക്കും

 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ലീപ്’ (LEAP) ന്റെ ഔപചാരിക ഉദ്ഘാടനം നാളെ (നവംബർ 23 തിങ്കളാഴ്ച) രാവിലെ 9.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റോജി എം. ജോൺ നിർവഹിക്കും. കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് മുഖ്യാതിഥിയാകും. സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ ഇടപെടലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ബി.പി.എൽ കുടുംബങ്ങളിലെ നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകും. കൂടാതെ എ.സി.സി.എ, സി.എം.എ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്ക് ജില്ലയിൽനിന്ന് തിരഞ്ഞെടുക്കുന്ന ആയിരം വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകും. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും സൗജന്യ പരിശീലനം ലഭ്യമാക്കും.

സാമ്പത്തിക പരിമിതികൾ മൂലം മികച്ച ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനും മികച്ച തൊഴിൽ സാധ്യതകൾക്കും വഴിയൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ജില്ലാ പഞ്ചായത്തിന്റെ ‘ലീപ്’ പദ്ധതി.

date