Skip to main content

അന്താരാഷ്ട്ര ആയുഷ് കോൺക്ലേവ് ഫെബ്രുവരി 15 മുതൽ കനകക്കുന്നിൽ

 

*50 ഓളം രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെത്തും

*ബിസിനസ് മീറ്റുകളും അന്താരാഷട്ര സെമിനാറുകളും പ്രദർശനവും

 

ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15 മുതൽ 18 വരെ കനകക്കുന്നിൽ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവ് സംഘടിപ്പിക്കും. 15ന് ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

അമ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. 35 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 3000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. 200 ലധികം സ്റ്റാളുകളുണ്ടാവും. 500 പേർ പ്രത്യേക ക്ഷണിതാക്കളാണ്. ഗവേഷകർ, വ്യവസായ മേഖലയിൽ നിന്നുള്ള 200 വിദഗ്ധർ എന്നിവർ ഇതോടനുബന്ധിച്ചു നടക്കുന്ന ശിൽപശാലകളിൽ പങ്കെടുക്കും. പൊതുജനാരോഗ്യ മേഖലയുടെ വിവിധ തലങ്ങളിൽ ആയുഷ് ചികിത്‌സാ സമ്പ്രദായങ്ങളുടെ ഇടപെടലുകളും വിശാല സാധ്യതകളുമാണ് അന്താരാഷ്ട്ര സെമിനാറിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. നാഷണൽ ആരോഗ്യ എക്‌സ്‌പോയുമുണ്ടാവും. 

ബിസിനസ് മീറ്റിന്റെ ഭാഗമായി ഹെർബൽ ബസാർ, ആയുഷ് ഹെൽത്ത് ട്രാവൽബസാർ, എൽ. എസ്. ജി ലീഡേഴ്‌സ് മീറ്റ്, ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപതി ഔഷധനയം ശിൽപശാല, ആരോഗ്യവും ആഹാരവും ശിൽപശാല, കാർഷിക സംഗമം, ആയുഷ് ഐക്യദാർഡ്യ സമ്മേളനം, ആയുഷ് സ്റ്റാർട്ടപ്പ് കോൺക്ലേവ് എന്നിവ നടക്കും. 

രോഗവും പ്രതിരോധവും ഭക്ഷണത്തിലൂടെ എന്ന ആശയത്തെ മുൻനിർത്തി ചർച്ചയുണ്ടാവും. ഇതിന്റെ ഭാഗമായി കിച്ചൻ ഫാർമസി എന്ന പേരിൽ ആരോഗ്യ ഭക്ഷ്യമേള നടത്തും. ആയുഷ് വിദ്യാർത്ഥി സംഗമം, ഔഷധ സസ്യ പ്രചാരണം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രഭാഷണങ്ങൾ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്‌സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. മാനസികാരോഗ്യം, കുട്ടികളുടെ ആരോഗ്യം, സ്‌പോർട്‌സ് മെഡിസിൻ, കാൻസർ ചികിത്‌സയും നിയന്ത്രണവും വന്ധ്യതാ ചികിത്‌സ തുടങ്ങിയ മേഖലകളെ സംബന്ധിച്ചും ചർച്ചകൾ നടക്കുമെന്ന് മന്ത്രി അറിയിച്ചു.

പി.എൻ.എക്സ്. 256/19

date