Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ജാഗ്രത പാലിക്കണം

ചൊവ്വ കെ എസ് ഇ ബി പരിധിയിലെ 110 കെ വി സബ്‌സ്റ്റേഷന്‍ മുതല്‍ തിലാന്നൂര്‍ വയല്‍ വരെയും 110 കെ വി സബ്‌സ്റ്റേഷന്‍ മുതല്‍ കിഴുത്തള്ളി ഓവുപാലം(ബൈപ്പാസ് റോഡ്) വരെയും നിര്‍മിച്ച 11 കെ വി ഭൂഗര്‍ഭ കേബിള്‍ വഴി ജനുവരി 25 ന് രാവിലെ ഒമ്പത് മണി മുതല്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ്.  ആയതിനാല്‍ ഭൂഗര്‍ഭ കേബിളുകളിലോ അനുബന്ധ ഉപകരണങ്ങളിലോ പൊതുജനങ്ങള്‍ സ്പര്‍ശിക്കരുതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഏകദിന യുവ മാധ്യമ സെമിനാര്‍

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് കണ്ണൂര്‍ ജില്ലയില്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ താല്പര്യമുളളവര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമായി ഏകദിന യുവ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 25 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ബിജു കണ്ടക്കൈ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സാഹസിക അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ പി പ്രണീത, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സരിന്‍ശശി തുടങ്ങിയവര്‍ പങ്കെടുക്കും. 'വര്‍ഗീയ ധ്രുവീകരണ കാലഘട്ടത്തിലെ മാധ്യമ പ്രവര്‍ത്തനം' എന്നതാണ് സെമിനാറിന്റെ വിഷയം. ദൃശ്യമാധ്യമം, നവ മാധ്യമം, പത്രമാധ്യമം എന്നീ വിഷയത്തില്‍ സനീഷ് ഇളയടത്ത്, നിഷാന്ത് മാവിലവീട്ടില്‍, നാരായണന്‍ കാവുമ്പായി എന്നിവര്‍ ക്ലാസ്സുകളെടുക്കും. തുടര്‍ന്ന് സംവാദവും നടക്കും. 

 

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(ഭൗതികശാസ്ത്രം) തസ്തികയിലേക്ക് 2018 നവംബര്‍ 21 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശുപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

 

കുടുംബശ്രീ ബഡ്‌സ് സ്‌ക്കൂള്‍ കലോല്‍സവം-'താലോലം' ജനുവരി 25ന്‌

കുടുംബശ്രീജില്ലാ മിഷന്‍ ബഡ്‌സ്‌സ്‌ക്കൂള്‍ കലോല്‍സവം ജനുവരി 25ന്‌ കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി പി റംല നിര്‍വ്വഹിക്കും.

        നാല് സ്റ്റേജുകളിലായി ചെണ്ട, പ്രച്ഛന്നവേഷം, നാടോടി നൃത്തം, മിമിക്രി, സംഘനൃത്തം, ലളിതഗാനം, സിനിമഗാനം, പദ്യപാരായണം, ആക്ഷന്‍ സോങ്, നാടന്‍ പാട്ട്, എംബോസ് പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, ക്രയോണ്‍ പെയിന്റിംഗ്, മാല നിര്‍മ്മാണം, പേപ്പര്‍ കവര്‍ നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ക്ലേ മോഡലിംഗ്, ചവിട്ടി നിര്‍മ്മാണം, കുട നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ അരങ്ങേറും.  ജില്ലയിലെ 16 ബഡ്‌സ് സ്ഥാപനങ്ങളിലെയും ഏഴ് ബി ആര്‍ സിയിലെയും കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക.

 

ദേശീയ സമ്മതിദായക ദിനാചരണം 25ന്

വോട്ടറാകുന്നതില്‍ അഭിമാനിക്കൂ, വോട്ട് ചെയ്യാന്‍ തയ്യാറെടുക്കൂ എന്ന സന്ദേശമുയര്‍ത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിക്കുന്ന ദേശീയ സമ്മതിദായക ദിനാചരണം ജനുവരി 25ന് നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ശൗര്യചക്ര ജേതാവ് പി വി മനേഷ് നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അധ്യക്ഷത വഹിക്കും. ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം, എഡിഎം ഇ മുഹമ്മദ് യൂസുഫ് തുടങ്ങിയവര്‍ സംബന്ധിക്കും.

 

ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം

സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ നിര്‍വഹണത്തിനായി  ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയോ ഐ ഐ എച്ച് ടി കണ്ണൂര്‍, ബാലരാമപുരം കേന്ദ്രങ്ങളില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ഫാബ്രിക് ഫോമിംഗ് ടെക്‌നോളജിയും ആണ് യോഗ്യത.  ഹാന്റ്‌ലൂം ഉല്‍പാദനം/ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം നേരിട്ടോ തപാല്‍ വഴിയോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, കിഴുന്ന, പി ഒ തോട്ടട 670007 എന്ന വിലാസത്തില്‍ ജനുവരി 30 നകം അപേക്ഷിക്കണം.  ഫോണ്‍: 0497 2835390.

 

വൈദ്യുതി മുടങ്ങും

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കട്ടപ്പീടിക, ബാവോട്, പാളയം, പരിയാരം ജംഗ്ഷന്‍, കുറ്റിവയല്‍ ഭാഗങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിലാലൂര്‍ ഭാഗങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

ധനസഹായത്തിന് അപേക്ഷിക്കാം

 കേന്ദ്ര സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പട്ടികജാതി  വനിതകള്‍ക്കുള്ള ആടുവളര്‍ത്തല്‍ പദ്ധതിക്കായി 10,000 രൂപ ധനസഹായം നല്‍കുന്നു.  ജില്ലയിലെ തെരഞ്ഞെടുത്ത 20 പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ(മാടായി, പരിയാരം, പാപ്പിനിശ്ശേരി, അഴീക്കോട്, പുഴാതി, ചേലോറ, തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, തലശ്ശേരി, ചെറുതാഴം, ഏഴോം, ചെങ്ങളായി, ശ്രീകണ്ഠപുരം, നാറാത്ത്, കണ്ണപുരം, കല്ല്യാശ്ശേരി, മയ്യില്‍, കൊളച്ചേരി, എളയാവൂര്‍) താല്‍പര്യമുള്ള ഗുണഭോക്താക്കള്‍ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കണം.

 

താല്‍ക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കൊതുകു നശീകരണ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 57 കണ്ടിജന്റ് വര്‍ക്കര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത: എസ് എസ് എല്‍ സി.  നല്ല കായികക്ഷമതയുള്ള 50 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.    താല്‍പര്യമുള്ളവര്‍ ജനുവരി 29 ന് രാവിലെ 10 മണിക്ക് ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.  

 

യോഗം മാറ്റി

ഇന്‍ക്ലൂസീവ് എജുക്കേഷന്‍ കലോത്സവവുമായി ബന്ധപ്പെട്ട് നാളെ (ജനുവരി 24) കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ നടത്താനിരുന്ന സ്വാഗതസംഘം രൂപീകരണ യോഗം മാറ്റിയതായി കണ്ണൂര്‍ സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍: അപേക്ഷ ക്ഷണിച്ചു

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് താല്‍പര്യമുള്ള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ജനുവരി 29ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം.  സര്‍ക്കാര്‍ യു പി, ഹൈസ്‌കൂളുകള്‍ക്ക് മുന്‍ഗണന.  ഫോണ്‍: 0490 2444416, 9446757252.  ഇ മെയില്‍:bdoperavoor@gmail.com.

 

ക്ഷീരകര്‍ഷകപരിശീലനം

ബേപ്പൂര്‍ നടുവട്ടം സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം നടത്തുന്നു.  ഡയറി ഫാം ആസൂത്രണം,  ലാഭകരമായ നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ ജനുവരി 28 മുതല്‍ ഫെബ്രുവരി 2 വരെയാണ് പരിശീലനം.  താല്‍പര്യമുളളവര്‍ 28ന് രാവിലെ 10 മണിക്ക് മുമ്പ് ബാങ്ക് പാസ്സ് ബുക്കും കോപ്പിയും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 15 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടതാണ്.  ഫോണ്‍: 0495 2414579.

 

ഭരണാനുമതി നല്‍കി

ജെയിംസ് മാത്യു എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ ഐ ഡി പ്ലോട്ട് സൂര്യഗ്രാമം റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 12 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി.

കെ എം ഷാജി എം എല്‍ എ യുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി നാറാത്ത് പഞ്ചായത്തിലെ  വാര്‍ഡ്  17 ല്‍ തയ്യില്‍ വളപ്പ് റോഡ് ടാറിംഗിന് 2,85,000 രൂപയുടെയും വാര്‍ഡ് 14 ല്‍ കൂളിത്തറ റോഡ് സോളിംഗ് പ്രവൃത്തിക്ക് 4,95,000 രൂപയുടെയും ഭരണാനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ദന്തല്‍ യൂണിറ്റില്‍ നവീകരണ പ്രവൃത്തികള്‍ ചെയ്യുന്നതിനും അമ്മയും ക്വട്ടേഷന്‍ ക്ഷണിച്ചു.  കുട്ടികളുടെയും ബ്ലോക്കിലെ രണ്ടാം നിലയില്‍ സ്ഥാപിച്ചിട്ടുള്ള എ സികള്‍ കാഷ്വാലിറ്റി/ട്രോമ കെയര്‍, പുതിയ ഐ സി യു എന്നിവിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനും ഒപ്താല്‍മിക് യൂണിറ്റിലുള്ള എ സി, അമ്മയും കുട്ടികളുടെയും ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും, ഡയാലിസിസ് യൂണിറ്റില്‍ ഇന്‍ഡസ്ട്രിയല്‍ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനാവശ്യമായ ഇലക്ട്രിക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും, ലക്ഷ്യയുടെ ഭാഗമായി ലേബര്‍ റൂമില്‍ രജിസ്റ്ററുകള്‍, മരുന്നുകള്‍ എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍ സ്ഥാപിക്കല്‍ നിലവിലുള്ള റാക്കുകള്‍ക്ക് ഡോര്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 28 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

 

ഗതാഗത നിയന്ത്രണം

തലശ്ശേരി റെയില്‍വേ മേല്‍പ്പാലം റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ജനുവരി 25 മുതല്‍  ഫെബ്രുവരി 10 വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.  ചരക്ക് വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ടൗണ്‍ ഹാള്‍ റോഡ്-ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം റോഡ്- മേലൂട്ട് മഠപ്പുര മേല്‍പ്പാലം-മണവാട്ടി ജംഗ്ഷന്‍ വഴിയും ചരക്ക് വാഹനങ്ങള്‍ എരഞ്ഞോളിപാലം-കൊളശ്ശേരി-കൊടുവള്ളി-ജില്ലാ കോടതി വഴി തലശ്ശേരിയില്‍ പ്രവേശിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

സി ഡിറ്റ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐ ടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ഡി സി എ, വേഡ്‌പ്രൊസസിങ്ങ്, കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ് എന്നീ കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പട്ടികജാതി പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്കും  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കും.  ഫോണ്‍: 0497 2729877.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെന്‍സ് ഹോസ്റ്റലിന്റെ മതില്‍ നിര്‍മിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 28 ന് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780227.

date