Skip to main content

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കി ക്ഷീര വികസന വകുപ്പ്

കൊച്ചി: ആഗസ്റ്റ് മാസത്തിലെ പ്രളയത്തിലൂടെ കർഷകർക്കുണ്ടായ നാശനഷ്ടങ്ങൾ നേരിടുന്നതിന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി ക്ഷീരവികസന വകുപ്പ്. പ്രളയത്തിൽ ജില്ലയിലെ ക്ഷീരമേഖലയിൽ 11.5 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതിലൂടെ 30% പാലുൽപാദനത്തിൽ കുറവും സംഭവിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതലത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. ജില്ലയിലെ 314 ക്ഷീരസംഘങ്ങളെ പ്രതിനിധീകരിച്ച് മേക്കാലടി ക്ഷീര സംഘം പ്രസിഡന്റ് ടി.പി ജോർജ്ജ് ചെയർമാനും, ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ് കൺവീനറുമായുള്ള 19 അംഗ  കമ്മിറ്റിയാണ് രൂപീകരിച്ചത്. വിവിധ ഫണ്ടുകൾ സ്വരൂപിച്ച് കർഷകരെ കൈപിടിച്ചുയർത്തുന്നതിനായി എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിൽ ERNAKULAM DISTRICT DIARY FARMERS FLOOD RELIEF FUND എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചു. ജില്ലയിലെ ക്ഷീര സംഘങ്ങളിൽ നിന്നും ജൂലൈ 31ലെ പാലളവിന്റെ അടിസ്ഥാനത്തിൽ ലിറ്ററിന് രണ്ടു രൂപ വീതം സംഭാവനയായി ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കുകയും ചെയ്തു.

 

ആന്ധ്രാ സർക്കാരിൽ നിന്നും ജില്ലയ്ക്ക് അനുവദിച്ച 16 ടൺ കാലിത്തീറ്റ, 8 ടൺ ടി.എം.ആർ ഫീഡ്, നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിൽ (എൻ.ഡി.ഡി.ബി) നിന്നും ലഭിച്ച 50 ടൺ കാലിത്തീറ്റ എന്നിവ പ്രളയബാധിത പ്രദേശങ്ങളിൽ  പ്രളയബാധയുടെ തീവ്രത അനുസരിച്ച് ക്ഷീര സംഘങ്ങൾ മുഖേന കർഷകർക്ക് നൽകി. എൻ.ഡി.ഡി.ബി യിൽ നിന്നും എത്തിച്ച 30 ടൺ സൈലേജ്, ഒമ്പത് ടൺ മേയ്സ് സ്ട്രോ എന്നിവ പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തു.

 

ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശാനുസരണം 2 ലക്ഷം രൂപയുടെ 220 ചാക്ക് കേരള ഫീഡ് കാലിത്തീറ്റ ക്ഷീരസംഘങ്ങൾ മുഖേന വിതരണം നടത്തി. കൂടാതെ 1315 ബാഗ് കേരള ഫീഡ് കാലിത്തീറ്റ ഒരു ബാഗിന് 700 രൂപ ധനസഹായത്തോടെ കർഷകർക്ക് എത്തിച്ചു. പ്രളയബാധിത മേഖലയിലെ പുൽകൃഷി പൂർണ്ണമായും നശിച്ചു പോയതിനാൽ കൃഷി പുനരാരംഭിക്കുന്നതിന് ജില്ലയിലെ ഫ്ലഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2,25,000 രൂപയുടെ പുൽക്കടകൾ വിതരണം ചെയ്തു. കണ്ണൂർ ജില്ലയിലെ ദുരിതാശ്വാസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച ഒരു ലക്ഷത്തിലധികം പുൽക്കടകൾ ആലുവ, അങ്കമാലി ബ്ലോക്കുകളിലെ ക്ഷീര കർഷകർക്ക് വിതരണം ചെയ്തു.

 

ക്ഷീര വികസന വകുപ്പിന്റെ ഫീഡ് കമ്പോണന്റ് പദ്ധതിയിലൂടെ ഒരു കിലോ വൈക്കോലിന് 3 രൂപ പ്രകാരം ആയിരം ടണ്ണോളം വൈക്കോൽ വിതരണം നടത്തി. മിൽമയുടെ എറണാകുളം റീജിയൻ അനുവദിച്ച ആറുലക്ഷം രൂപ, ക്ഷീര സഹകരണ സംഘങ്ങളിലൂടെ 222 ടൺ വൈക്കോൽ ഇറക്കി നൽകുന്നതിനായി വിനിയോഗിച്ചു. കൂടാതെ മിൽമയിൽ നിന്നും ലഭ്യമായ 165 ചാക്ക് കാലിത്തീറ്റ കർഷകർക്ക് വിതരണം ചെയ്തു.

 

 

പ്രളയത്തിൽ പശുക്കൾ നഷ്ടപ്പെട്ട അഞ്ച് നിർധനരായ ക്ഷീരകർഷകർക്ക് ആലങ്ങാട് ക്ഷീരവികസന ഓഫീസറുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'കൈത്താങ്ങിന് ഒരു കാമധേനു' എന്ന പദ്ധതിയിലൂടെ കറവപ്പശുക്കളെ ലഭ്യമാക്കി. ഈ പദ്ധതിയിലൂടെ ആറാമത്തെ പശുവിനെ നൽകുവാനുള്ള നടപടികൾ വകുപ്പ് ഇപ്പോൾ ചെയ്തു വരികയാണ്.

 

മേഴ്സി കോർപ്പ് എന്ന ചാരിറ്റബിൾ സംഘടന മുഖേന ആലങ്ങാട് ബ്ലോക്കിലെ 3 ക്ഷീര സംഘങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി മിൽക്ക് അനലൈസർ, ഫ്രീസർ, വേയിങ്ങ് ബാലൻസ് എന്നിവ സൗജന്യമായി നൽകുകയും, 450 ചാക്ക് കാലിത്തീറ്റ കർഷകർക്ക് സബ്സിഡി നിരക്കിൽ നൽകുകയും ചെയ്തു. കൂടാതെ കൊങ്ങോർപ്പിള്ളി ക്ഷീര വ്യവസായ സംഘത്തിലെ കർഷകർക്കായി 30 കറവപ്പശുക്കളെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ചെയ്തുവരുന്നു.

 

ക്ഷീരവികസന വകുപ്പിന്റെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 33000 രൂപ സബ്സിഡിയുള്ള ഒരു പശു യൂണിറ്റ് 199 എണ്ണം, 66,000 രൂപ സബ്സിഡിയുള്ള രണ്ട് പശു യൂണിറ്റ് 156 എണ്ണം, അൻപതിനായിരം രൂപയുടെ 186 ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി, അൻപതിനായിരം രൂപ ധനസഹായമുള്ള 78 കാലിത്തൊഴുത്ത് നിർമ്മാണ പദ്ധതി, ഒരു ലക്ഷം രൂപ സബ്സിഡിയോടു കൂടിയ എട്ട് ആധുനിക രീതിയിലുള്ള കാലിത്തൊഴുത്ത് നിർമ്മാണ പദ്ധതി എന്നിവ ഉൾപ്പെടെ ആകെ 314.746 ലക്ഷം രൂപയുടെ പുനരധിവാസ പദ്ധതികൾ എറണാകുളം ജില്ലയിൽ ഈ വർഷം നടപ്പാക്കും.

 

വകുപ്പിന്റെ പുനരധിവാസ പദ്ധതിയിലൂടെ 1700 കിലോ മിനറൽ മിക്സ്ചറും ജില്ലയിലെ ഫ്ലഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ 8000 കിലോ മിനറൽ മിക്സ്ചറും ക്ഷീര കർഷകർക്ക് വിതരണം ചെയ്തുവരുന്നു.

date