പ്രളയ പുനരധിവാസത്തില്‍ മുന്നേറി മൂവാറ്റുപുഴ
മൂവാറ്റുപുഴ: പ്രളയത്തെ അതിജീവിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുകയാണ് മൂവാറ്റുപുഴ. ഓഗസ്്റ്റിലെ മഹാ പ്രളയം കാര്യമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഇത്. എന്നാല്‍ ഉദ്യോഗസ്ഥരും -ജനപ്രതിനിധികളും- പൊതുജനങ്ങളും നടത്തിയ കൂട്ടായ ഇടപെടലിലൂടെ പ്രളയ ദുരിതത്തെ തോത്പിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. താലൂക്കില്‍ 8613 വീടുകളാണ് പ്രളയത്തില്‍ മുങ്ങിയത്. ഇവര്‍ക്കെല്ലാം തന്നെ സര്‍ക്കാരിന്റെ പ്രാരംഭ നഷ്ടപരിഹാര തുകയായ പതിനായിരം രൂപ വീതം നല്‍കിക്കഴിഞ്ഞു. 45 വീടുകള്‍ പൂര്‍ണമായും 5229 വീടുകള്‍ ഭാഗീകമായും(225 അപ്പീലുകള്‍) തകര്‍ന്നു. പൂര്‍ണമായും തകര്‍ന്ന വീടുകളെല്ലാം തന്നെ പുനര്‍ നിര്‍മ്മാണത്തിന്റെ പാതയിലാണ്. ഇതില്‍ 14 വീടുകള്‍ക്ക് നിര്‍മ്മാണത്തിന്റെ ആദ്യ ഗഡുവും 9 വീടുകള്‍ക്ക് രണ്ടാം ഘട്ടവും നല്‍കിക്കഴിഞ്ഞു. കൂടാതെ പ്രളയത്തില്‍ വീടും സ്ഥലവും ഇല്ലാതായ അഞ്ച് കുടുംബങ്ങള്‍ക്ക് ആരക്കുഴ വില്ലേജില്‍ സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കുന്ന മൂന്ന് സെന്റ് ഭൂമിയുടെ നിയമ പരമായ കാര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ ബ്ലോക്ക് പരിധിയില്‍ 20 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ആരക്കുഴ-1, ആയവന-7, മാറാടി-1, മഞ്ഞള്ളൂര്‍-4, വാളകം-5, പായിപ്ര-2 എന്നിങ്ങനെയാണ് കണക്കുകള്‍. ഇതില്‍ നാല് വീടുകളുടെ പുനര്‍നിര്‍മ്മാണം നടത്തുന്നത് സന്നദ്ധസംഘടനകളാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളുടെ കട്ട നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്നുളള കട്ടകളാണ് മിക്കവാറും സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവധി ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രവും ദുരിത ബാധിതര്‍ക്ക് ഏറെ ആശ്വാസകരമാണ്. വീട് നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും ഇവിടെ സൗജന്യമായി നല്‍കുന്നുണ്ട്. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയും വീണ്ടെടുപ്പിന്റെ പാതയിലാണ്. മേഖലയിലെ ആരക്കുഴ, ആയവന, ആവോലി, മഞ്ഞള്ളൂര്‍, മാറാടി, നഗരസഭ, കല്ലൂര്‍ക്കാട്, പായിപ്ര പഞ്ചായത്തുകളിലായി 2.5 കോടിയുടെ കാര്‍ഷിക നഷ്ടമാണ് പ്രളയമുണ്ടാക്കിയത്. ഇതില്‍ ഒരു കോടിയോളം രൂപ ഇതിനോടകം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കി കഴിഞ്ഞു. 25 ലക്ഷം രൂപ കൂടി ഉടനടി വിതരണം ചെയ്യും. പ്രളയത്തില്‍ നശിച്ച വീടുകളിലെ ജൈവ പച്ചക്കറികള്‍ക്ക് പകരമായി 64000 പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പ്രളയ ബാധിതരായ കര്‍ഷകര്‍ക്കായി ബോധവത്കരണ ക്ലാസും നടത്തി. പ്രളയത്തിന്റെ ഫലമായി ജാതി, തെങ്ങ് കൃഷികളെ ബാധിക്കുന്ന മഞ്ഞപ്പ്, കൂമ്പ് ചീയല്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള പ്രതിരോധ നടപടികളും കര്‍ഷകര്‍ക്ക് നല്‍കി. പലയിടങ്ങളിലും നെല്‍കൃഷിയും കര്‍ഷകര്‍ പുനരാരംഭിച്ചു കഴിഞ്ഞു. ഇതിനാവശ്യമായ സൗകര്യങ്ങളെല്ലാം നല്‍കുന്നത് കൃഷി വകുപ്പാണ്. പ്രളയത്തില്‍ തകര്‍ന്ന കടുംപിടി തൂക്ക് പാലം പുനര്‍നിര്‍മ്മിക്കുന്നതിനുളള നടപടികളും അന്തിമഘട്ടത്തിലാണ്. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
- Log in to post comments