ചോലനായ്ക്കർ ഉന്നതികൾ സന്ദർശിച്ച് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ; സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിക്കും
കരുളായി ഗ്രാമപഞ്ചായത്തിലെ മാഞ്ചീരി, കണ്ണിക്കൈ ഉന്നതികളിൽ താമസിക്കുന്ന ചോലനായ്ക്കർ വിഭാഗക്കാരുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സന്ദർശനം നടത്തി. കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ വാസു, അസിസ്റ്റന്റ് രജിസ്ട്രാർ എ. അജിത് പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉന്നതികളിലെത്തിയത്. ഉന്നതികളിലെ 11 കുടുംബങ്ങളെ നേരിൽ കണ്ട് സംസാരിച്ച സംഘം ഇവരുടെ ജീവിതസാഹചര്യങ്ങളും പ്രയാസങ്ങളും വിലയിരുത്തി.
ഉന്നതിയിലെ സ്ഥിതിവിശേഷം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതായും ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിക്കുമെന്നും ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ പറഞ്ഞു. വീടുകളുണ്ടായിട്ടും കാട്ടാന ശല്യം കാരണം വീട്ടില് താമസിക്കാൻ കഴിയാതെ വീടിന് മുകളിൽ ഷെഡ് കെട്ടി ജീവിക്കേണ്ട അവസ്ഥയാണ് മാഞ്ചീരി ഉന്നതയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭവനനിർമാണവും ഭൂമിയുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ഏകദേശം 20 ഊരുകളിലായി 70 ചോലനായ്ക്കർ കുടുംബങ്ങളാണ് നിലവിലുള്ളത്. ഇവരിൽ 40 ശതമാനത്തോളം പേർ കാലാവസ്ഥയ്ക്കനുസരിച്ച് ഇപ്പോഴും ഗുഹകളിലും അരുവികളുടെ തീരങ്ങളിലുമായി മാറിമാറി താമസിക്കുന്നുണ്ട്.
വനത്തിനുള്ളിലെ അളകളിൽനിന്ന് മാറി ടാർ ചെയ്ത റോഡിന്റെ അരികിൽ വീടുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി താമസസൗകര്യം ഉറപ്പാക്കണമെന്നാണ് കുടുംബങ്ങൾ പ്രധാനമായി ആവശ്യപ്പെട്ടത്. വനാവകാശ നിയമപ്രകാരം എട്ട് കുടുംബങ്ങൾക്ക് പത്ത് ഏക്കർ വീതം ഭൂമി നൽകുന്നതിനുള്ള നടപടികൾ ജില്ലാതല കമ്മിറ്റിയുടെ (ഡി.എൽ.സി) പരിഗണനയിലാണ്. മറ്റ് ഉന്നതികളിലെ മാതൃകയിൽ താമസസൗകര്യം റോഡിനോട് ചേർന്നും കൃഷിഭൂമി വനമേഖലയിലുമായി അനുവദിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും ഭൂമി വിതരണത്തിലെ സാങ്കേതിക തടസ്സങ്ങളും കാലതാമസവും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടൗണിലേക്ക് മാറുന്നതിനേക്കാൾ അവരുടെ സ്വാഭാവിക പരിസ്ഥിതിക്കും സംസ്കാരത്തിനും ഇണങ്ങുന്ന രീതിയിൽ റോഡിനോട് ചേർന്ന് ഒരുമിച്ച് താമസസൗകര്യം ഒരുക്കുന്നതാണ് അഭികാമ്യമെന്ന് ചോലനായ്ക്കർ സമുദായത്തിൽനിന്ന് പി.എച്ച്.ഡി ഗവേഷണത്തിന് യോഗ്യത നേടിയ ആദ്യ വ്യക്തിയായ സി. വിനോദ് പറഞ്ഞു. ഗോത്രഭാഷയും മലയാളവും തമ്മിലുള്ള വ്യത്യാസം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായും അദ്ദേഹം കമ്മീഷനെ അറിയിച്ചു. ഐ.ടി.ഡി.പി, പൊതുവിതരണ വകുപ്പ്, വനം വകുപ്പ് എന്നിവ വഴി ആഴ്ചതോറും ഭക്ഷ്യക്കിറ്റുകളും ആശുപത്രി ചികിത്സാ ചെലവുകളും നൽകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചോലനായ്ക്കർ വിഭാഗത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിന് ആവശ്യമായ ശുപാർശകൾ കമ്മീഷൻ സർക്കാരിന് നൽകും. നിലവിലെ കമ്മീഷൻ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുകയാണെങ്കിലും അടുത്തതായി ചുമതലയേൽക്കുന്ന കമ്മീഷൻ ചെയർപേഴ്സണെ ഇവിടുത്തെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി തുടർനടപടികൾ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ചെയര്പേഴ്സണ് വ്യക്തമാക്കി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ മുജീബ് റഹ്മാൻ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വിപിൻദാസ് തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.
- Log in to post comments