റവന്യു ടവര്‍ അന്തിമ രൂപരേഖ തയ്യാറാകുന്നു
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിക്കുന്ന പുതിയ റവന്യു ടവര്‍ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, ഓഫീസ് മുറികളുടെ ക്രമീകരണം, പൊതുജനങ്ങള്‍ക്കുള്ള സേവന സൗകര്യങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 10 നിലകളിലായി 29614 സ്ക്വയര്‍ ഫിറ്റ് വിസ്തീര്‍ണ്ണത്തില്‍ 34 സര്‍ക്കാര്‍ ഓഫീസുകളെ ഉള്‍ക്കൊള്ളുന്ന കെട്ടിട സമുച്ചയമാണ് വിഭാവനം ചെയ്യുന്നത്. ബേസ്മെന്റ് ഉള്‍പ്പെടെ 11ലിഫ്റ്റുകളും 6 സ്റ്റെയര്‍ കേസുകളും ഇതില്‍ ഉള്‍പ്പെടും. ഓരോ നിലയിലും വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉള്ക്കുന്നതാണ് രൂപരേഖ. ട്രഷറി, ഭാഗ്യക്കുറി, സാമൂഹ്യ നീതി വകുപ്പ്, പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് ഓഫീസ് എന്നിവ താഴെത്തെ നിലകളില്‍ ക്രമീകരിക്കും. രണ്ടും മൂന്നും നിലകളില്‍ ജില്ലാ കളക്ടര്‍ ഓഫീസ്, എം.ഡി.എം ഓഫീസ്, അസി.കളക്ടര്‍ ഓഫീസ്, വി.ഐ.പി ലോഞ്ച്, ബോര്‍ഡ് റൂം, തുടങ്ങി കളക്ട്രേറ്റിലെ വിവിധ സെഷനുകള്‍ ക്രമീകരിക്കും. റവന്യു ടവറിലെ മറ്റ് നിലകളില്‍ ഡെപ്യൂട്ടി കളക്ടര്‍, മറ്റ് വകുപ്പ് തല ഓഫീസുകള്‍ എന്നിവയുമുണ്ടാകും. ഭിന്നശേഷി സൗഹൃദമായാണ് റവന്യു ടവറിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
റവന്യു ടവറില്‍ ക്രഷ്, പബ്ലിക് വെയ്റ്റിംഗ് സ്പേസ്, ഫീഡിംഗ് റൂം, ഡൈനിംഗ് ഹാള്‍, കഫ്റ്റീരിയ, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്ലറ്റുകള്, പൊതുജനങ്ങള്‍ക്ക് ജീവനക്കാര്‍ക്കുമായി പ്രത്യേകം ടോയ്ലറ്റുകള്, റീഡിംഗ് റൂം, ജീവനക്കാര്‍ക്കായി വായന മുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാവും. വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ പരിഗണിച്ച് അനുയോജ്യമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങളും യോഗം പരിഗണിച്ചു.. സര്‍ക്കാര്‍ ഓഫീസുകളെ ഒരേ സമുച്ചയത്തിന് കീഴില്‍ കൊണ്ടുവരുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യു ടവറിന്റെ അന്തിമ പ്ലാന്‍ പിഡബ്ല്യുഡി ആര്‍ക്കിടെക്ചര്‍ വിഭാഗം വിലയിരുത്തി ഭരണാനുമതി ലഭ്യമായാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാര്‍ ഹാജി, മെമ്പര്‍ വെട്ടം ആലിക്കോയ, എ .ഡി .എം പി.ഒ സാദിഖ്, വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി. കെ. അഹമ്മദ്, മന്ത്രിയുടെ പ്രതിനിധികളായ പി. എ. സലാം, പി. കെ. ബാവ, കെ. ഫാരിസ്, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ മുഹമ്മദ് ഇസ്മായില്‍, പി.ഡബ്ല്യു.ഡി അസി എഞ്ചിനീയര്‍ പി.ശുഹൈബ്, അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജു ജോസ്, ഓവര്‍സിയര്‍ ടി. രാജേഷ്, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സി ബഷീര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments