Skip to main content

പ്രളയത്തെ അതിജീവിച്ച് എഴിക്കാടെ നെയ്ത്ത് കേന്ദ്രം

 

പ്രളയത്തെ അതിജീവിച്ച് ഖാദി ബോര്‍ഡിന്റെ സഹകരണത്തോടെ പ്രവര്‍ത്തനം പുനരാരംഭിച്ച ആറന്മുള എഴിക്കാട് കോളനിയിലെ നെയ്ത്ത് കേന്ദ്രം ഉയര്‍ത്തെഴുനേല്‍പ്പിന്റെ പാതയില്‍. ആഗസ്റ്റ് പതിനഞ്ചിന് അര്‍ദ്ധരാത്രിയോടെ ഇരച്ചെത്തിയ പ്രളയജലം ജില്ലയെ ഒന്നാകെ കശക്കിയെറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതും ഏഴിക്കാട് കോളനിക്കായിരുന്നു. നിര്‍ദാക്ഷണ്യം കയറിവന്ന വെള്ളം ഏഴിക്കാടെ നെയ്ത്ത് കേന്ദ്രത്തേയും വെറുതെ വിട്ടില്ല. നൂല്‍നൂല്‍പ്പിനുള്ള ചര്‍ക്കകള്‍ ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും പ്രളയം വിഴുങ്ങി. എന്നാല്‍, നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് കണ്ണീരൊഴുക്കാതെ ഇവിടുത്തെ തൊഴിലാളികള്‍ കേരള ഖാദി ബോര്‍ഡിന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളില്‍ ഏഴിക്കാട് നെയ്ത്ത് കേന്ദ്രത്തിലെ ചര്‍ക്ക വീണ്ടും കറക്കിത്തുടങ്ങി. കെട്ടിടം മുഴുവന്‍ വെള്ളം കയറി  45000 രൂപയുടെ പത്തു തറികള്‍, 13000 രൂപ വരുന്ന 50 ചര്‍ക്കകള്‍, സ്ലൈവര്‍ എന്നിങ്ങനെ 20 ലക്ഷം രൂപയുടെ നഷ്ടമാണ് ഉല്പാദന കേന്ദ്രത്തിന് ഉണ്ടായത്.  പ്രളയം അവശേഷിപ്പിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതായിരുന്നു ആദ്യ കടമ്പ. അതിനായി വര്‍ക്കലയില്‍ നിന്നെത്തിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളും നീണ്ട പരിശ്രമത്തിനൊടുവിലാണ് നീക്കിയത്. വെള്ളം ഇറങ്ങി ദിവസങ്ങള്‍ കൊണ്ട് പഴയ പ്രൗഢി തിരിച്ച് പിടിച്ച ഏഴിക്കാടെ നെയ്ത്ത് കേന്ദ്രം ഒക്ടോബര്‍ മൂന്നിന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാജോര്‍ജ് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. പ്രളയത്തിനു ശേഷം പ്രവര്‍ത്തനം ആരംഭിച്ച കേരളത്തിലെ തന്നെ ആദ്യത്തെ ഖാദി യൂണിറ്റ് ആണ് ഏഴിക്കാട് ഖാദി ഉല്പാദന കേന്ദ്രമെന്ന് ഖാദി പ്രൊജക്റ്റ് ഓഫീസര്‍ പി. റ്റി അനുമോദ് പറഞ്ഞു. പുതിയ 25 ചര്‍ക്കകള്‍ ഉപയോഗിച്ചാണ് ഇവര്‍ നൂല് നൂല്‍പ് ആരംഭിച്ചത്. ഇരുപത്തിയഞ്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇവിടെ നൂല്‍ നൂല്‍ക്കുന്നതും, പാവ് ഉണക്കുന്നതുമെല്ലാം പാരമ്പര്യ രീതിയില്‍ തന്നെയാണ്. പാരമ്പര്യതനിമ കൈവിടാതെ ജീവിതത്തിന്റെ ഊടും പാവും നെയ്ത് കേരളത്തിലെ തന്നെ നെയ്ത്ത് കേന്ദ്രങ്ങള്‍ക്ക് മാതൃകയാവുകയാണ് ഏഴിക്കാടിലെ ഈ നെയ്ത്ത് കേന്ദ്രം. 

                   (പിഎന്‍പി 280/19)

date