Skip to main content

ബഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

 

കുടുംബശ്രീ സംഘടിപ്പിച്ച ബഡ്സ് ഫെസ്റ്റ് പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി സ്ഥിരം സമിതി അംഗം ലീല മോഹന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ മികച്ച കഴിവുകള്‍ ഉള്ളവര്‍ ആണെന്നും, അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു പ്രോത്സാഹനം നല്‍കുകയാണ് അവരുടെ ഉന്നമനത്തിന് സഹായിക്കുകയെന്നും ലീല മോഹന്‍ പറഞ്ഞു. 

സ്വയം പര്യാപ്തത കൈവരിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആയിരിക്കും  പ്രവര്‍ത്തനം. ഭാവിയില്‍ അഭിമുഖീകരിക്കാന്‍ ഇടയുള്ള പ്രശ്നങ്ങളെ ഇപ്പോഴേ കണ്ടെത്തി അതിനുവേണ്ട പരിഹാരം കണ്ടെത്താന്‍ സഹായിക്കുക എന്ന  സമീപനമാകും സ്വീകരിക്കുകയെന്ന് ചടങ്ങില്‍ പങ്കെടുത്ത കുടുംബശ്രീ  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.സീമ പറഞ്ഞു. 

പരാശ്രയത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്ക് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിഭിന്ന ശേഷിയുള്ള കുട്ടികളുടെ മാനസിക ബൗദ്ധിക വികാസം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ സാധ്യമാക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരംഭിച്ച കേന്ദ്രങ്ങള്‍ ആണ് ബഡ്സ് സ്‌കൂളും ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററും. അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് പ്രാദേശിക പുനരധിവാസവും ഇതിലൂടെ നല്‍കിവരുന്നു. 

ജില്ലയിലെ ബഡ്സ് സ്‌കൂളുകളുടെ ഭാഗമായ 120 കുട്ടികള്‍ കലാമേളയില്‍ പങ്കെടുത്തു. മിറക്കിള്‍ 2019  ജില്ലാതല  കലോത്സവത്തില്‍   ലളിതഗാനം, സംഘഗാനം, നാടോടി നൃത്തം, മിമിക്രി, പെയിന്റിങ് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എ. ഡി. എം.സി  കെ.എച്ച് സെലീന,  ചൈല്‍ഡ്ലൈന്‍ കോഓര്‍ഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു , നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ മിനി വര്‍ഗീസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. എല്‍ ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 311/19)

date