ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ തൊടുപുഴയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം തൊടുപുഴ ടൗണിലുള്ള ഹോട്ടലുകളിലും ഫാസ്റ്റഫുഡ് കടകളിലും റസ്റ്റോറന്റ്കളിലും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ബെന്നി ജോസഫിനെയും തൊടുപുഴ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അരുണ്‍ കുമാറിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി. പോരായ്മകള്‍ കണ്ടെത്തിയ 3സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകള്‍ നല്‍കുകയും 6 സ്ഥാപനങ്ങളില്‍ നിന്നുമായി 28,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പാചകം ചെയ്തതും ചെയ്യാത്തതുമായ ആഹാര സാധനങ്ങള്‍ ,വെജിറ്റേറിയന്‍ നോണ്‍-വെജിറ്റേറിയന്‍ ആഹാരസാധനങ്ങള്‍ മുതലായവ ശരിയായ താപനില ഇല്ലാതെ ഫ്രീസറില്‍ അലക്ഷ്യമായി ഇടകലര്‍ത്തി സൂക്ഷിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെടുകയും ആഹാര സാധനങ്ങള്‍ ഇങ്ങനെ സൂക്ഷിച്ചു വച്ചാല്‍ ഭക്ഷ്യവിഷബാധ അടക്കമുള്ളവയ്ക്ക് സാധ്യതയുള്ളതായും കണ്ടെത്തി. കണ്ടെത്തിയ മുഴുവന്‍ ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചുകളയുകയും ഹോട്ടലുകള്‍ക്കെതിരെ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ അനുവദനീയമല്ലാത്ത ആഹാരസാധനങ്ങളില്‍ കൃത്രിമനിറങ്ങളും അജിനോമോട്ടോയും നിയമപരമല്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നതിന് പിഴ ഈടാക്കി വരുംദിവസങ്ങളില്‍ ഇടുക്കി ജില്ലയുടെ വിവിധഭാഗങ്ങളില്‍ പരിശോധന നടത്തുമെന്നും നിയമപരമായ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്‌ട്രേഷന് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കുന്ന അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇടുക്കി ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
- Log in to post comments