Skip to main content
പുറ്റടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതുതായി നിര്‍മ്മിച്ച സാനിറ്ററി കോംപ്ലക്‌സിന്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിര്‍വ്വഹിക്കുന്നു.

സമഗ്ര വികസന പാതയില്‍ പുറ്റടി സര്‍ക്കാര്‍ ആശുപത്രി   

 

പുറ്റടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ

സമഗ്രവികസനം ലക്ഷ്യമിട്ട് കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് പുതുതായി നിര്‍മ്മിച്ച സാനിറ്ററി കോംപ്ലക്‌സിന്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിര്‍വ്വഹിച്ചു. 

 മികച്ച സേവനം പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പടെ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഗവണ്‍മെന്റിന് നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലിലിന്റെ വികസനഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ വിനിയോഗിച്ചാണ് പുറ്റടി ആശുപത്രിക്ക് സാനിറ്ററി കോംപ്ലക്‌സ് നിര്‍മ്മിച്ചത്. നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷം  ആശുപത്രിക്ക് സാനിറ്ററി കോംപ്ലക്‌സ്, സ്ഥലത്തിന് ചുറ്റുമതിലും വേലിയും നിര്‍മ്മിക്കല്‍, ദന്തല്‍ വിഭാഗം ആരംഭിക്കല്‍, മരുന്ന് വാങ്ങുന്നത് അടക്കമുള്ള ദൈനം ദിന ചിലവുകള്‍ എന്നിവക്കായി 71 ലക്ഷം രൂപയോളം ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു പൂര്‍ത്തികരിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 17 ലക്ഷം രൂപ മുടക്കി ലാബ് ബില്‍ഡിംഗ് നിര്‍മ്മിക്കും. അടുത്ത സാമ്പത്തിക വര്‍ഷം ലാബ് ബില്‍ഡിംഗ് പൂര്‍ത്തിയാക്കാന്‍ 15 ലക്ഷം രൂപയും കെട്ടിട വയറിങ്, മരുന്ന് വാങ്ങല്‍ എന്നിവക്കായി 14 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. ഇതോടൊപ്പം പുറ്റടി ആശുപത്രി വഴി വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ധനസഹായവും

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 23 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ആശുപത്രി അങ്കണത്തില്‍ നടന്ന ഉദ്ഘാടന യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലില്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ രാജ, കുട്ടിയമ്മ സെബാസ്റ്റ്യന്‍, ജോബന്‍ പാനൂസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റിജു, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date